ചെങ്ങന്നൂര്‍ ▪️ 11.80 ഗ്രാം എം.ഡി.എം.എയുമായി ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ് പോലീസ് പിടിയിലായി.
ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് മാതിരംപള്ളില്‍ ജെ.ജെ. വില്ലയില്‍ ജിത്തു ജോണ്‍ ജോര്‍ജ്ജ് (23) ആണ് പിടിയിലായത്.
സ്വന്തം ഉപയോഗത്തിനും, യുവാക്കള്‍ക്ക് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതിനുമായാണ് ബാംഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ട് വന്ന എം.ഡി.എം.എ കൈവശം സൂക്ഷിച്ചിരുന്നത്.
ചൊവ്വാഴ്ച വൈകിട്ട് 7.45 മണിയോടെ ചെങ്ങന്നൂര്‍ എസ്‌ഐ വി.എസ് ശ്രീജിത്തും സംഘവും പെട്രോളിംഗ് നടത്തുന്നതിനിടെ ചെങ്ങന്നൂര്‍ ഐ.ടി.ഐ.ക്ക് സമീപം വെച്ചാണ് പിടികൂടിയത്.
പ്രതിയെ പിടികൂടിയ സംഘത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ രാജീവ്, സീനിയര്‍ സിപിഒ മാരായ സിജു, സ്വരാജ്, സിപിഒ മസീഹ് എന്നിവരുണ്ടായിരുന്നു.
പ്രതിയില്‍ നിന്നും മയക്കു മരുന്ന് വാങ്ങി ഉപയോഗിക്കുന്ന ആളുകളെ കണ്ടെത്താനുള്ള അന്വേഷണം നടത്തുമെന്ന് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ. വിപിന്‍ എ.സി. പറഞ്ഞു.
ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌ക്വാഡ് ചെങ്ങന്നൂര്‍ ഭാഗത്ത് മയക്കു മരുന്നുമായി ബന്ധമുള്ളവര്‍ക്കായി ഊര്‍ജ്ജിതമായ തെരെച്ചില്‍ ആരംഭിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.