ചെങ്ങന്നൂര്‍: ഒരു കാലത്ത് പ്രിയപ്പെട്ടവരുടെ എഴുത്തുകള്‍ക്കായി പോസ്റ്റുമാന്റെ വരവും കാത്തിരുന്നതിന്റെ ഓര്‍മ എല്ലാവര്‍ക്കുമുണ്ട.
ഇന്ന് കത്തുകള്‍ മൊബൈല്‍ ഫോണിനും ഇന്റര്‍നെറ്റിനും വഴി മാറിയെങ്കിലും ആ തപാല്‍ക്കാലം ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന ഒരാള്‍ ഇവിടെയുണ്ട്, ആലാ രാജന്‍.
വിവര സാങ്കേതിക വിദ്യ പുരോഗമിക്കാതിരുന്ന കാലം മുതല്‍ നാലു പതിറ്റാണ്ടിലേറെയായി കത്തെഴുതുകയും കിട്ടുന്ന മറുപടിക്കത്തുകള്‍ സൂക്ഷിച്ചുവെയ്ക്കുകയും ചെയ്യുന്ന ആളാണ് ആലാ രാജനെന്ന ആലാ ഓണമ്പള്ളില്‍ കെ.രാജചന്ദ്രന്‍ പിള്ള (56 ).
ബിരുദ പഠനത്തിനു ശേഷം ആലാ ഗ്രാമത്തില്‍ ഇ.ഡി പോസ്റ്റ് മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ച രാജന്‍ ഇപ്പോള്‍ ചെങ്ങന്നൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിലെ മെയില്‍ ഓവര്‍സിയറാണ്.
അതിലുപരി സാഹിത്യപ്രവര്‍ത്തനവും സഹൃദയക്കൂട്ടം എന്ന പേരില്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും സാഹിത്യകൂട്ടായ്മയും തുടങ്ങി ഒട്ടേറെ സാമൂഹിക സന്നദ്ധ സംഘടനകളുടെ അമരക്കാരനായും പ്രവര്‍ത്തിക്കുന്നു.
ഏതാണ്ട് 1980 മുതല്‍ പലരും അയച്ച കത്തുകള്‍ ഇന്നും ഒരു നിധിപോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
വൈക്കം മുഹമ്മദ് ബഷീര്‍, തോപ്പില്‍ ഭാസി, സുകുമാര്‍ അഴീക്കോട്, എം.കെ.സാനു, സി.രാധാകൃഷ്ണന്‍, അയ്യപ്പപ്പണിക്കര്‍, ഒ.എന്‍.വി, ഭരത് ഗോപി എന്നിവരുടെയൊക്കെ കത്തുകള്‍ രാജന്റെ വിപുലമായ ശേഖരത്തിലുണ്ട്.
എല്ലാം കൂടി ഇപ്പോള്‍ നാലായിരത്തിനു മേല്‍ വരും. രണ്ടുവര്‍ഷം മുമ്പുണ്ടായ മഹാ പ്രളയത്തില്‍ കുറേ നശിച്ചു. അതും കൂടി ചേര്‍ത്താല്‍ അയ്യായിരത്തില്‍പ്പരം കത്തുകള്‍ ശേഖരത്തില്‍ ഉണ്ടായിരുന്നേനെയെന്ന് അദ്ദേഹം പറയുന്നു.
ഇന്‍ലെന്റ് മാസികകള്‍ തുടങ്ങി, നിലവില്‍ പ്രസിദ്ധീകരണം നിലച്ച പണ്ടു കാലത്തെ വിവിധ ആനുകാലികങ്ങള്‍, രശീതുകള്‍, തപാല്‍ സ്റ്റാമ്പുകള്‍ തുടങ്ങിയവയും ശേഖരത്തിന്റെ ഭാഗമാണ്. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവസരം തേടുന്ന സുഹൃത്തുക്കളുടേയും മറ്റും സാഹിത്യ രചനകള്‍ പ്രസിദ്ധപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ച് സ്വന്തമായി ആരംഭിച്ച ആലാ പബ്‌ളിക്കേഷന്‍സിന്റെ ഓണററി എഡിറ്ററുമാണ്.
വികസനത്തിന്റെ പിന്നാലെ നാം നിര്‍ത്താതെ ഓടിയപ്പോള്‍ നമുക്ക് കൈമോശം വന്നത് കത്തുകളുടെ ഊഷ്മളതയായിരുന്നു. കത്തുകള്‍ നല്‍കിയ മൃദുല വികാരങ്ങളൊന്നും ഇമെയിലിനോ മാട്‌സ് ആപ്പ് സന്ദേശങ്ങള്‍ക്കോ നല്‍കാനാവില്ല.
കത്തുകള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കെത്താന്‍ ദിവസങ്ങള്‍ വേണ്ടി വന്നിരുന്നു. ഇന്ന് വാര്‍ത്താ വിനിമയത്തിന് നിമിഷങ്ങളുടെ ദൈര്‍ഘ്യം മതി. എന്നാല്‍ കത്തുകളുടെ ആ സുന്ദര കാലത്തിന്റെ മധുരവും, നൊമ്പരവും പേറി ആയിരുന്നു ആ കാത്തിരിപ്പുകള്‍.
ഈ തപാല്‍ ദിനത്തിലും ആ ഗൃഹാതുരത്വത്തെയല്ലാതെ മറ്റൊന്നും നമുക്ക് ഓര്‍ക്കാനാവില്ല -രാജന്‍ പറയുന്നു. ഇ.ഡി. പോസ്റ്റു മാസ്റ്ററായി ജോലി ചെയ്തിരുന്ന കാലത്ത് രാജന്റെ വീടിനോടു ചേര്‍ന്ന് സ്ഥാപിച്ച തപാല്‍പ്പെട്ടി ഇന്നുംവളരെ കൗതുക ത്തോടെയാണ് നാട്ടുകാര്‍ കാണുന്നത്. ഇപ്പോഴുമാളുകള്‍ കത്ത് പോസ്റ്റ് ചെയ്യാന്‍ ഇവിടെ എത്തുന്നുണ്ടെന്ന് രാജന്‍ പറയുന്നു.
ജില്ലയിലെതന്നെ ആദ്യ കാല പത്ര ഏജന്റുമാരിലൊരാളായ കുട്ടന്‍പിള്ള പിതാവും ജാനകിയമ്മ മാതാവുമാണ്. രാജശ്രീയാണു ഭാര്യ. മക്കളായ ഹരിപ്രിയയും ഹരിപ്രേമും സാഹിത്യ തല്‍പരരാണ്. ഇവരുടെ നിരവധി രചനകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹരി പ്രേം ഇംഗ്‌ളീഷ് കവിതകളാണ് കൂടുതല്‍ എഴുതാറ്.
✍️ എം. വിജയന്‍ ചെങ്ങന്നൂര്‍