എടത്വ: ഖത്തറില്‍ കാല്‍പന്ത് ഉരുളുന്നതിന് മുന്‍പ് കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ആരാധകരുടെ ആരവം ഉയര്‍ന്നു കഴിഞ്ഞു
ഇഷ്ടപ്പെട്ട ടീമിന്റെ ജഴ്‌സിയുടെ നിറം വീടിനും മതിലും പൂശിക്കൊണ്ടാണ് വേറിട്ട രീതിയില്‍ ലോക കപ്പിനെ നെഞ്ചിലേറ്റിയത്.
ആലപ്പുഴ ജില്ലയിലെ തലവടി വാലയില്‍ ബെറാഖാ ഭവന്റെ ചുവരുകളും മതിലുകളുമാണ് അര്‍ജന്റീനയുടെ ജഴ്‌സിയുടെ നിറം നല്‍കി വ്യത്യസ്തമാകുന്നത്.
പൊതുപ്രവര്‍ത്തകനായ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയും ആരോഗ്യ പ്രവര്‍ത്തകയായ ജിജിമോള്‍ ജോണ്‍സനും ആണ് മക്കളുടെ ഇഷ്ടത്തിനൊത്ത് വീടിനും മതിലിനും നിറം മാറ്റം നടത്തിയത്.
നാഷണല്‍ യൂത്ത് ക്യാമ്പ് ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായിരുന്ന ബെന്‍ ജോണ്‍സണ്‍, കോട്ടയം സിഎംഎസ് കോളജ് വിദ്യാര്‍ത്ഥിയായ ഡാനിയേല്‍ ജോണ്‍സണ്‍ എന്നിവര്‍ ചെറുപ്പം മുതലെ അര്‍ജ്ജന്റീനയുടെ കട്ട ആരാധകരാണ്. പത്രങ്ങളില്‍ വരുന്ന മെസ്സിയുടെ ഫോട്ടോകള്‍ വെട്ടിയെടുത്ത് നോട്ട് ബുക്കില്‍ ഒട്ടിച്ച് സൂക്ഷിക്കുക പതിവായിരുന്നു.
ഫിഫ ലോകകപ്പിന്റെ 21ാം പതിപ്പ് 2018 ല്‍ റഷ്യയില്‍ നടന്നപ്പോള്‍ മുറ്റത്ത് വെള്ളക്കെട്ട് ഉണ്ടായിട്ടും ഡാനിയേല്‍ നടത്തിയ പ്രകടനങ്ങള്‍ വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് വീടിന്റെയും മതിലിന്റെയും പെയിന്റിംങ്ങ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. എങ്കിലും മക്കളുടെ കായിക ത്തിന് പിന്തുണ നല്കുകയെന്ന ഉദ്യേശത്തോടെയാണ് നിറം മാറ്റുവാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്.
ഇവരുടെ താത്പര്യം പെയിന്ററായ പുത്തന്‍പുരചിറയില്‍ പി.കെ വിനോദിനെ അറിയിച്ചതോടയാണ് തറവാടും മതിലും ആരാധകരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് അണിയിച്ച് ഒരുക്കിയത്.
നിറത്തിനൊപ്പം കാല്‍പന്തും മതിലില്‍ ഇടംപിടിച്ചതോടെ ആരാധകര്‍ക്കൊപ്പം കാണികള്‍ക്കും കൗതുകമായി.