ന്യൂഡല്‍ഹി ▪️ ചരിത്രദൗത്യം പൂര്‍ത്തിയാക്കി ലോക്‌സഭ. വനിതാ സംവരണ ബില്‍ 454 പേരുടെ പിന്തുണയോടെ ലോക്‌സഭ പാസാക്കി.
2 പേര്‍ ബില്ലിനെ എതിര്‍ത്തു. എട്ടു മണിക്കൂര്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്‍ പാസായത്. നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും സ്ത്രീകള്‍ക്ക് 33% സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണ ബില്‍.
കേരളത്തില്‍ നിന്നുള്ള എന്‍.കെ പ്രേമചന്ദ്രന്‍, എ.എം ആരിഫ്, ഇ.ടി മുഹമ്മദ് ബഷീര്‍, ഹൈബി ഈഡന്‍ എന്നിവര്‍ വനിതാ സംവരണ ബില്ലില്‍ ഭേദഗതി നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ ഈ ഭേദഗതി ബില്‍ പിന്‍വലിക്കുകയായിരുന്നു.
ന്യൂനപക്ഷങ്ങള്‍ക്കും പിന്നക്കക്കാര്‍ക്കും ഉപസംവരണം വേണമെന്ന് അസദുദ്ദീന്‍ ഉവൈസിയുടെ ഭേദഗതി നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഉവൈസിയുടെ ഭേദഗതി നിര്‍ദ്ദേശം സഭ ശബ്ദവോട്ടോടെ തള്ളുകയായിരുന്നു.