വേര്‍പിരിഞ്ഞ കാമുകനെ റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ച ശേഷം രണ്ട് കോടി രൂപ വിലവരുന്ന കാര്‍ സമ്മാനമായി നല്‍കി ഞെട്ടിച്ച് യുവതി.
യുവാവിന്റെ അമ്പരപ്പിന് സാക്ഷിയായി രണ്ട് പേരുടെയും കുടുംബങ്ങള്‍. വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലെല്ലാം വൈറല്‍. കാമുകനെ വാനോളം പുകഴ്ത്തിയാണ് കാര്‍ സമ്മാനിക്കുന്ന വീഡിയോ യുവതി പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയ താരമായ ഓസ്‌ട്രേലിയക്കാരി അന്ന പോളാണ് തന്റെ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് മുന്‍ കാമുകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ അല്‍പം ചെലവേറിയ വഴി തന്നെ തെരഞ്ഞെടുത്തതെന്ന് ‘പെര്‍ത്ത് നൗ’ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാല് ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ വിലയുള്ള (ഏകദേശം 2.17 കോടി ഇന്ത്യന്‍ രൂപ) Nissan Skyline GT-R R33 കാറാണ് 24 വയസുകാരി തന്റെ മുന്‍ കാമുകനായ ഗ്ലെന്‍ തോംസണ് സമ്മാനിച്ചത്.
രണ്ട് പേരുടെയും കുടുംബങ്ങള്‍ പങ്കെടുത്ത ഡിന്നറിന് ശേഷമായിരുന്നു സമ്മാനം നല്‍കി ഞെട്ടിച്ചത്. നേരത്തെ തന്നെ ആഡംബര കാര്‍ ഗാരേജില്‍ അന്ന പോളിന്റെ വെള്ള ജീപ്പിന് സമീപം പാര്‍ക്ക് ചെയ്തിരുന്നു.
ഭക്ഷണത്തിന് ശേഷം അന്ന പോള്‍ തന്റെ ജീപ്പില്‍ അടുത്തിടെ ചെയ്ത പുതിയ ഡിസൈനിലുള്ള റാപ്പ് കാണാന്‍ തോംസണെ ക്ഷണിച്ചു. ഗ്യാരേജിലെത്തിയപ്പോള്‍ തൊട്ടടുത്ത് കിടന്ന ആഡംബര കാര്‍ കണ്ടെങ്കിലും മറ്റാരുടെയോ വാഹനമായിരിക്കും എന്ന് കരുതി കാര്യമായി ശ്രദ്ധിച്ചില്ല.
ഇതിനിടെ അടുത്തെത്തിയ യുവതി അടുത്ത് കിടന്ന കാറിലേക്ക് ചൂണ്ടി ഈ കാര്‍ എങ്ങനെയുണ്ടെന്ന് അഭിപ്രായം ആരാഞ്ഞു. കൊള്ളാമെന്ന് പറഞ്ഞതോടെ അതിന്റെ താക്കോല്‍ എടുത്തുനല്‍കി.
ഞെട്ടിപ്പോയ തോംസണ്‍ സ്തബ്ധനായി നില്‍ക്കുന്നതും അദ്ദേഹത്തിന്റെ കണ്ണുനിറയുന്നതും സോഷ്യല്‍ മീഡിയയിലെ വീഡിയോയില്‍ കാണാം. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അന്ന പോള്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.