ചെങ്ങന്നൂര്‍ ▪️ മുളക്കുഴയില്‍ കാട്ടുപന്നികള്‍ നെല്‍ചെടികള്‍ കുത്തിമറിച്ച് വ്യാപക കൃഷിനാശം. കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകര്‍.
മുളക്കുഴ പഞ്ചായത്തിലെ പിരളശ്ശേരി-ഊരിക്കടവ്-നീര്‍വിളാകം പാടശേരത്തിലെ മൂന്ന് ഹെക്ടര്‍ പാടത്തിലെ കൊയ്ത്തിന് പാകമായ നെല്ലാണ് കാട്ടുപന്നികള്‍ കുത്തിമറിച്ച് വ്യാപകമായി നശിപ്പിച്ചത്.
കാലവര്‍ഷ കെടുത്തി മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് കാട്ടു പന്നികളുടെ ശല്യവും മൂലം കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
കൃഷി ഓഫീസിലും പഞ്ചായത്ത് അധികരികളോടും കര്‍ഷകര്‍ പല തവണ സഹായം അഭ്യര്‍ഥിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കാട്ടുപന്നികളെ വെടിവയ്ക്കാന്‍ പഞ്ചായത്ത് നടപടി എടുക്കാതിരുന്നത് കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നതിന് ഇടയായി.
മുളക്കുഴ പഞ്ചായത്തിലാണ് ആദ്യമായി കാട്ടുപന്നികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു തുടങ്ങിയത്. എണ്ണത്തില്‍ കുറവായിരുന്ന കാട്ടുപന്നികള്‍ കൃത്യസമയത്ത് വെടിവയ്ക്കാന്‍ തീരുമാനം എടുക്കാതെ വന്നതോടെ പെറ്റുപെരുകി എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി.
വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം പ്രസവിക്കുന്ന കാട്ടുപന്നികള്‍ക്ക് ഓരോ പ്രസവത്തിലും പത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങളാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇവയുടെ എണ്ണം അനിയന്ത്രിതമായി എന്നാണ് കണക്കാക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ഒന്നും രണ്ടും കാട്ടുപന്നികളെ കണ്ടിരുന്ന സ്ഥലങ്ങളില്‍ പിന്നീട് 12ഓളം കുഞ്ഞുങ്ങളുമായുള്ള പന്നിക്കൂട്ടങ്ങളായാണ് കാണുന്നത്.
ഇങ്ങനെ എണ്ണത്തില്‍ ക്രമാതീതമായി വര്‍ദ്ധന വന്നതോടെ ഇതിനെ നിയന്ത്രിക്കുക പ്രായോഗികമല്ലെന്നാണ് നാട്ടുകാര്‍ തന്നെ പറയുന്നത്.
ഇനിയെങ്കിലും കാട്ടുപന്നികളെ വെടിവയ്ക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നെല്‍കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും പാടശേഖര സമിതി പ്രസിഡന്റ് ഫിലിപ് വര്‍ഗീസ് ഒലെപ്പുറത്ത്, സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറമ്പില്‍ എന്നിവര്‍ പറഞ്ഞു.