ചെങ്ങന്നൂര്‍ ▪️ ഇന്നു പുലര്‍ച്ചെ വീശിയടിച്ച ശക്തമായ കാറ്റില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകനാശം. വീടുകള്‍ക്കു മുകളിലേക്കും വൈദ്യുതി ലൈനിനു മുകളിലേക്കും മരങ്ങള്‍ വീണതിനെ തുടര്‍ന്നാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്.
ചെങ്ങന്നൂര്‍ താലൂക്കില്‍ മുളക്കുഴ, ആല, ചെറിയനാട്, വെണ്മണി, തിരുവന്‍വണ്ടൂര്‍, ചെങ്ങന്നൂര്‍ നഗരസഭയിലെ പാണ്ടവന്‍പാറ, പാണ്ടനാട് തെക്ക് എന്നീ സ്ഥലങ്ങളില്‍ മരങ്ങള്‍ റോഡിലേക്കും വീടിന് മുകളിലേക്കും വീണു.
ചെറിയനാട് പഞ്ചായത്തില്‍ ഇടവങ്കാട് വെട്ടികാട്ട് മലയില്‍ ശില്പി ജോണ്‍സ് കൊല്ലകടവിന്റെ വീടിന് മുകളിലേക്ക് വന്‍ തേക്ക് മരം വീണ് മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു.
ഈ സമയം മുറിയില്‍ ഉറങ്ങുകയായിരുന്ന ജോണ്‍സന് പൊട്ടിച്ചിതറിയ ഓടുകള്‍ വീണ് പരുക്കേറ്റു. കാല്‍മുട്ടിനു താഴെയും മറ്റുമാണ് പരുക്കുകള്‍.
മുറിയ്ക്കകത്തെ ഫാന്‍, കസേര എന്നിവയ്ക്ക് നാശനഷ്ടമുണ്ടായി. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ജോണ്‍സന്‍ പറഞ്ഞു.
തിരുവന്‍വണ്ടൂര്‍ പതിനൊന്നാം വാര്‍ഡില്‍ അഭിനാദ് ഭവനം തുണ്ടിയില്‍ റ്റി.കെ ജയകുമാറിന്റെ വീടിനും കാറിനു മുകളിലേക്കും തേക്ക് മരം വീണ് നാശനഷ്ടമുണ്ടായി.
വീടിന് മുകളിലേക്ക് വീണ മരം തെറിച്ച് കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വീടിന്റെ ആബ്‌സറ്റോസ് ഷീറ്റും വാഗണര്‍ കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു.
വൈദ്യുതി ലൈനുകളിലേക്ക് മരചില്ലകള്‍ വീണതിനാല്‍ ചെങ്ങന്നൂര്‍ നഗരസഭ, മുളക്കുഴ, ആല, വെണ്‍മണി, പുലിയൂര്‍, ചെറിയനാട്, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ എന്നീ പഞ്ചായത്തിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വൈകുന്നേരത്തോടെ വൈദ്യൂതി പുന:സ്ഥാപിച്ചതായി അധികൃതര്‍ പറഞ്ഞു.