
പാമ്പാടി ▪️ പാമ്പാടിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും, തുടര്‍ന്ന് ബാറില്‍ വച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഒളിവിലായിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു.
മീനടം വട്ടക്കുന്ന് പെരുമ്പറയില്‍ വീട്ടില്‍ ഷിജോമോന്‍ ജോസഫ് (39), പാമ്പാടി പൊത്തന്‍പുറം ഭാഗത്ത് തലയ്ക്കല്‍ വീട്ടില്‍ നിജു റ്റി.എം (44) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരും സുഹൃത്തായ ഷിജോ ചാക്കോയും ചേര്‍ന്ന് കഴിഞ്ഞ മാസം 30ന് രാത്രിയോടുകൂടി കാളച്ചന്ത ഭാഗത്ത് താമസിക്കുന്ന ഗൃഹനാഥന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
ഇവര്‍ക്ക് ഗൃഹനാഥനുമായി മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ വീട്ടില്‍ കയറി ഗൃഹനാഥനെ ആക്രമിച്ചത്. ഇതിനുശേഷം ഇവര്‍ തൊട്ടടുത്തുള്ള ബാറില്‍ വച്ച് പൊത്തന്‍പുറം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
യുവാവിനോടും ഇവര്‍ക്ക് മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. പരാതിയെ തുടര്‍ന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളില്‍ ഒരാളായ ഷിജോ ചാക്കോയെ പിടികൂടിയിരുന്നു.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒളിവില്‍ പോയ മറ്റു രണ്ടു പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് ഇവരെ തിരുവല്ല കോട്ടായി കോളനി ഭാഗത്തുനിന്നും സാഹസികമായി പിടികൂടുകയായിരുന്നു.
പാമ്പാടി സ്‌റ്റേഷന്‍ എസ്എച്ച്.ഓ സുവര്‍ണ്ണ കുമാര്‍, സി.പി.ഓ മാരായ അനൂപ്, ജിബിന്‍ ലോബോ,സുനില്‍, അജേഷ്, ശ്രീജിത്ത്, മഹേഷ്, സുമീഷ് മാക്മില്ലന്‍, വിജയരാജ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.