തിരുവനന്തപുരം ▪️ സംസ്ഥാനത്ത് വീണ്ടും ബാര്‍ കോഴ വിവാദം. ബാര്‍ ഉടമ സംഘടന നേതാവിന്റെ വാട്ട്‌സാപ്പ് ശബ്ദ സന്ദേശം പുറത്ത്.
മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അനിമോന്‍ വാട്ട്‌സാപ്പിലൂടെ നല്‍കിയ ശബ്ദ സന്ദേശമാണ് പുറത്തായത്.
ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനുമടക്കം ഒരാള്‍ രണ്ടര ലക്ഷം രൂപ നല്‍കണമെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് കൂടിയായ അനിമോന്‍ ശബ്ദസന്ദേശത്തില്‍ ആവശ്യപ്പെടുന്നത്.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് ബാര്‍ ഉടമകള്‍ക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നു.
ഡ്രൈ ഡേ ഒഴിവാക്കാനും ബാറുകളുടെ സമയം കൂട്ടല്‍ അടക്കം ബാറുടമകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്തു വരുന്നത്.
പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വച്ച് കൊടുക്കാന്‍ പറ്റുന്നവര്‍ നല്‍കുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ മദ്യനയം വരും. അതില്‍ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാന്‍ കൊടുക്കേണ്ടത് കൊടുക്കണം’, ശബ്ദസന്ദേശത്തില്‍ പറയുന്നു.
ബാര്‍ ഉടമകളുടെ സംഘടനയുടെ എക്‌സ്‌ക്യൂട്ടിവ് യോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോന്‍ പറയുന്നുണ്ട്. ഇടുക്കിയില്‍ നിന്നും സംഘടനയില്‍ അംഗമായവരുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു.
കൊച്ചിയില്‍ ബാര്‍ ഉടമകളുടെ യോഗം നടന്നുവെന്ന് സമ്മതിച്ച സംസ്ഥാന പ്രസിഡന്റ് വി സുനില്‍ കുമാര്‍ താന്‍ പണപ്പിരിവിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ല എന്നാണ് പ്രതികരിച്ചത്.