ദമാസ്‌ക്കസ് ▪️ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി സിറിയ വിമതര്‍ പിടിച്ചെടുത്തതോടെ സിറിയന്‍ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേല്‍.
സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ വിമതരുടെ കൈയില്‍ എത്താതിരിക്കാനാണ് ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തത്.
അതിനിടെ, സിറിയ വിട്ട പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് കുടുംബത്തോടൊപ്പം മോസ്‌കൊയില്‍ എത്തി. അദ്ദേഹത്തിന് അഭയം നല്‍കുമെന്ന് റഷ്യ വ്യക്തമക്കിയിട്ടുണ്ട്.
ഇത്രകാലവും അസദ് രാജ്യത്തെ ഇറാന്റെ താല്പര്യത്തിന് എറിഞ്ഞു കൊടുത്തെന്ന് വിമത നേതാവ് അബു മുഹമ്മദ് ജുലാനിയും കുറ്റപ്പെടുത്തി.
അതേസമയം, ബഷാര്‍ അല്‍ അസദ് സിറിയ വിട്ടെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ ഉറപ്പ് നല്‍കിയെന്ന് ക്രെംലിന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, എച്ച് ടി എസിനെയും സിറിയന്‍ ജനതയെയും താലിബാന്‍ അഭിനന്ദിച്ചു.
പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസും വിമത സായുധ സംഘം പിടിച്ചെടുത്തത്. അബു മുഹമ്മദ് അല്‍ ജുലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയില്‍ ഭരണത്തിലേറുന്നത്.
അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരന്‍ ആയിരുന്നു ജുലാനി. പ്രസിഡന്റും രാജ്യം വിട്ടോടിയതോടെ ജനം തെരുവിലിറങ്ങി. പതിറ്റാണ്ടുകളായി തല ഉയര്‍ത്തി നിന്ന ബഷാര്‍ അല്‍ അസദിന്റെ പ്രതിമകള്‍ ജനം തകര്‍ത്തെറിഞ്ഞു.
സിറിയന്‍ സൈന്യവും സുരക്ഷാ സേനയും ദമാസ്‌കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചു പോയി. സുപ്രധാന ഭരണ കാര്യാലയങ്ങളില്‍ നിന്ന് എല്ലാം സൈന്യം പിന്മാറി. പലയിടത്തും ജയിലുകള്‍ തകര്‍ത്ത വിമതര്‍ തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചു.
74 ശതമാനം സുന്നി മുസ്ലിങ്ങളും 13 ശതമാനം ഷിയാക്കളും പത്ത് ശതമാനം െ്രെകസ്തവരും ഉള്ള ഒരു രാജ്യത്തിന്റെ ഭരണ നേതൃത്വം ഭീകര ബന്ധമുള്ള സായുധ സംഘത്തിന്റെ കൈകളില്‍ എത്തുമ്പോള്‍ എന്താകും സിറിയയുടെ ഭാവി എന്ന ആശങ്ക ശക്തം.
ലോകത്തെ വന്‍ശക്തി രാജ്യങ്ങള്‍ ഒന്നും പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടാന്‍ തയാറല്ല. സ്ഥിതി നിരീക്ഷിക്കുന്നു എന്നാണ് അമേരിക്കയുടെ പ്രതികരണം.