കല്‍പ്പറ്റ ▪️ വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍.
രാവിലെ 10 മണിയോടെയാണ് സംഭവം. പൊഴുതന, നെന്മേനി തുടങ്ങി വിവിധ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയല്‍ എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. എടയ്ക്കല്‍ ഗുഹ ഉള്‍പ്പെടുന്ന അമ്പുകുത്തി മലയുടെ താഴ്‌വാരങ്ങളിലാണ് ഈ സംഭവം.
വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാല്‍ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.
ജില്ലാ കളക്ട്രേറ്റില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ ഷംഷാദ് മരക്കാര്‍ അറിയിച്ചു. ഭൂമികുലുക്കത്തിന്റേതായ സൂചനയില്ലെന്നും സോയില്‍ പൈപ്പിങാകാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥരുമായി സംസാരിച്ചതില്‍ നിന്ന് മനസിലായെന്ന് ഷംഷാദ് മരക്കാര്‍ പറഞ്ഞു.
ആദ്യം കേട്ട ശബ്ദം ഇടിവെട്ടിയതാവാമെന്നാണ് നാട്ടുകാര്‍ പലരും കരുതിയത്. എന്നാല്‍ അതല്ലെന്ന് പിന്നീട് മനസിലായി. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി നേരിയ നിലയില്‍ കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായും നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ നാശനഷ്ടം ഉണ്ടായതായി വിവരം ഇതുവരെയില്ല. എല്ലാവര്‍ക്കും ഒരേപോലെ ഈ അനുഭവം നേരിട്ടതിനാല്‍ അമ്പലവയല്‍ എടക്കല്‍ ജിഎല്‍പി സ്‌കൂളിനും അങ്കണവാടിക്കും അവധി നല്‍കി. കുട്ടികളെ വീടുകളിലേക്ക് തിരിച്ചയച്ചു.
മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് തീരുമാനമെടുത്തതെന്ന് സ്‌കൂളിലെ അധ്യാപകര്‍ അറിയിച്ചു. എടയ്ക്കല്‍ ഗുഹ ഉള്‍പ്പെടുന്ന മേഖലയിലാണ് ഈ അനുഭവം ഉണ്ടായത്. ബാണാസുര മലയോട് ചേര്‍ന്ന പ്രദേശത്തും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.