വിഴിഞ്ഞം ▪️ പ്രകൃതി ഒരുക്കിയ സ്വഭാവികമായ അനുകൂല ഘടകങ്ങളാണ് വിഴിഞ്ഞത്തിന്റെ ഏറ്റവും വലിയ സവിശേഷതകളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അന്താരാഷ്ട്ര കപ്പല്‍പ്പാതയില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് വിഴിഞ്ഞം തുറമുഖം.
കിലോമീറ്റര്‍ ദൂരം കണക്കാക്കിയാല്‍ ഏതാണ്ട് 19 കിലോമീറ്റര്‍ മാത്രം ദൂരം. ഡ്രെഡ്ജിങ് നടത്താതെ തന്നെ ഏതാണ്ട് 20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ള ഇന്ത്യയിലെ ഏകതുറമുഖവും വിഴിഞ്ഞമാണ്.
ഈ സ്വഭാവികമായ സാധ്യത ഉപയോഗിച്ച് കൂറ്റന്‍ കപ്പലുകള്‍ക്ക് ഇവിടെ അടുക്കാന്‍ സാധിക്കും. ഏതാണ്ട് 24,000 ടിഇയുവിനു മുകളില്‍ ഭാരം കയറ്റാവുന്ന കപ്പലുകള്‍ക്ക് വിഴിഞ്ഞം തീരത്ത് അടുക്കാനാവും.
യൂറോപ്പ്, പേര്‍ഷ്യന്‍ ഗള്‍ഫ്, തെക്ക് കിഴക്കന്‍ ഏഷ്യ, ചൈന, ജപ്പാന്‍ അടക്കമുള്ള കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ വിദൂര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കപ്പല്‍പാതയുടെ രാജ്യത്തെ ഏറ്റവും പ്രധാന നങ്കൂരമായി വിഴിഞ്ഞം തുറമുഖം മാറും.
തിരുവനന്തപുരത്തെ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് വിഴിഞ്ഞം തുറമുഖത്ത് നിന്നും 16 കിലോമീറ്റര്‍ മാത്രമാണ് ദൂരമുള്ളത്.
വിഴിഞ്ഞത്തേയ്ക്ക് റെയില്‍ ഗതാഗതത്തിനുള്ള സൗകര്യങ്ങളും വിഴിഞ്ഞത്ത് ഒരുങ്ങുന്നുണ്ട്. ഇതോടെ ചരക്ക് നീക്കത്തിന്റെ കര-വ്യോമ-കടല്‍ മാര്‍ഗ്ഗമുള്ള അനുകൂല സാഹചര്യമുള്ള തുറമുഖമെന്ന ഖ്യാതിയും വിഴിഞ്ഞത്തിന് കൈവരും.
വിഴിഞ്ഞം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ രാജ്യത്തിന്റെ അന്താരാഷ്ട്ര ചരക്ക് നീക്കത്തിന്റെ 50 ശതമാനത്തിലേയറെയും ഇവിടേയ്ക്ക് മാറുമെന്നാണ് കണക്കാക്കുന്നത്.
നിലവില്‍ സിംഗപ്പൂര്‍, ദുബായ്, കൊളംബോ തുറമുഖങ്ങളെയാണ് ചരക്ക് നീക്കത്തിനുള്ള ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായി ഇന്ത്യ ആശ്രയിക്കുന്നത്. വിഴിഞ്ഞം പ്രവര്‍ത്തന സജ്ജമാകുന്നതോടെ രാജ്യത്തേയ്ക്കുള്ള ചരക്ക് നീക്കത്തിന്റെ പ്രധാനപ്പെട്ട ട്രാന്‍സ്ഷിപ്പ്‌മെന്റ് കേന്ദ്രമായി ഈ തുറമുഖം മാറും.
ഇതുവഴി കോടിക്കണക്കിന് രൂപ രാജ്യത്തിന് വിദേശനികുതി ഇനത്തില്‍ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിഴിഞ്ഞം തുറമുഖം പൂര്‍ണരൂപത്തിലായാല്‍ നിരവധി മദര്‍ഷിപ്പുകള്‍ക്ക് ഒരേസമയം നങ്കൂരമിടാനാകും.
സര്‍ക്കാര്‍ സ്വകാര്യസംയുക്ത സംരംഭമായാണ് വിഴിഞ്ഞം തുറമുഖം പ്രാവര്‍ത്തികമാക്കുക. കേരളത്തിന്റെ നിയന്ത്രണത്തിലുള്ള തുറമുഖം എന്ന പ്രത്യേകതയും വിഴിഞ്ഞത്തിനുണ്ട്.
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിനും അദാനി വിഴിഞ്ഞം പോര്‍ട്ട് െ്രെപവറ്റ് ലിമിറ്റഡിനുമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുചുമതല. 40 വര്‍ഷമാണ് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്.