
തിരുവനന്തപുരം ▪️ ചരിത്രമാകുന്ന വഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തുന്ന മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാന്‍ഡോയ്ക്ക് ഔദ്യോഗിക സ്വീകരണം.
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സര്‍വാനന്ത സോനോവാളും ചേര്‍ന്ന് മദര്‍ ഷിപ്പിനെ ഔദ്യോഗികമായി സ്വീകരിച്ചു. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാര്‍ക്കും മന്ത്രിമാര്‍ ഉപഹാരം നല്‍കി.
ആദ്യ മദര്‍ഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. വിഴിഞ്ഞം ഇടവക വികാരി മോന്‍സിഞ്ഞോര്‍ നിക്കോളാസ് ചടങ്ങില്‍ പങ്കാളിയായി.
പരിപാടിയിലേക്കുള്ള ക്ഷണം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ നിരസിച്ചിരുന്നു. മുഖ്യമന്ത്രിയും കേന്ദ്ര തുറമുഖമന്ത്രി സോനോവാളിനും പുറമെ അദാനി പോര്‍ട്‌സ് സിഇഒ കരണ്‍ അദാനിയും ചടങ്ങിനെത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തിയാണ് വിഴിഞ്ഞത്തിന്റെ വിജയമെന്ന് ചീഫ് സെക്രട്ടറി വി. വേണു ചടങ്ങില്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് തുടക്കമിട്ടത് ഇ.കെ നായനാര്‍ മന്ത്രിസഭയെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
പ്രതിഷേധത്തെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അദാനിയുമായി കരാര്‍ ഒപ്പുവെച്ചത്. പ്രദേശ വാസികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കും. പറഞ്ഞ വാക്ക് പാലിക്കുമെന്നും ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ ഇച്ഛാശക്തി കൊണ്ടാണ് തുറമുഖം പൂര്‍ത്തിയായതെന്നും വി.എന്‍ വാസവന്‍ പറഞ്ഞു.