തിരുവനന്തപുരം ▪️ വിഴിഞ്ഞം തുറമുഖം ലോകത്തെ ചരക്ക് നീക്കങ്ങളുടെ ഭൂപടത്തിലേക്ക്.
ആദ്യ മദര്‍ഷിപ്പായ ചൈനയില്‍ നിന്നുള്ള സാന്‍ ഫെര്‍ണാന്‍ഡോ തീരം തൊട്ടതോടെയാണ് വിഴിഞ്ഞം കേരളത്തിന്റെയും രാജ്യത്തിന്റെയും സ്വപ്നതീരമായത്. രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി വിഴിഞ്ഞം മാറി.
വിഴിഞ്ഞത്തെത്തുന്ന മദര്‍ഷിപ്പുകളില്‍ നിന്ന് മറ്റ് ചെറു കപ്പലുകളിലേയ്ക്ക് ചരക്കുനീക്കം നടത്താന്‍ കഴിയുന്ന തുറമുഖങ്ങളാണ് ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി അറിയപ്പെടുന്നത്.
ഭൂമിശാസ്ത്രപരമായി വിഴിഞ്ഞത്തിനുള്ള പ്രാധാന്യം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും വിഴിഞ്ഞം വഴിയുള്ള ചരക്ക് നീക്കത്തിന് കൂടുതല്‍ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
നേരത്തെ കരയടുക്കുന്നതിന് മുമ്പായി തന്നെ സാന്‍ ഫെര്‍ണാന്‍ഡോയുടെ നിയന്ത്രണം വിഴിഞ്ഞം തുറമുഖം ഏറ്റെടുത്തിരുന്നു. പൈലറ്റ് തുഷാര്‍ നിത്കറും സഹപൈലറ്റ് സിബി ജോര്‍ജ്ജുമായിരുന്നു കപ്പലിന്റെ നിയന്ത്രണമേറ്റെടുത്തത്.
റഷ്യന്‍ സ്വദേശി ക്യാപ്റ്റന്‍ വോള്‍ഡിമര്‍ബോണ്ട് ആരെങ്കോയില്‍ നിന്നായിരുന്നു കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഓഷ്യന്‍ പ്രസ്റ്റീജ് എന്ന ടഗ്ഗിലൂടെയാണ് പൈലറ്റ് കപ്പലില്‍ കയറിയത്. കരയോട് അടുപ്പിക്കാനുള്ള മൂറിങ് 9.30നായിരുന്നു.
കൂറ്റന്‍ വടം ഉപയോഗിച്ച് കപ്പലിനെ ബര്‍ത്തില്‍ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനമാണ് മൂറിങ്. കപ്പല്‍ തീരംതൊടുമ്പോള്‍ മന്ത്രിമാരായ വി.എന്‍ വാസവനും സജി ചെറിയാനും വിഴിഞ്ഞത്ത് സന്നിഹിതരായിരുന്നു.
നാളെയാണ് കപ്പലിനുള്ള ഔദ്യോഗിക സ്വീകരണ ചടങ്ങ്. 7700 കോടി രൂപയുടെ പദ്ധതിയായാണ് വിഴിഞ്ഞ് ഒരുങ്ങുന്നത്. ചൈനയിലെ സിയമിന്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട സാന്‍ ഫെര്‍ണാന്‍ഡോ കപ്പല്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ പുറം കടലിലെത്തിയത്.
നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങെങ്കിലും ഇന്ന് തന്നെ കണ്ടെയ്‌നറുകള്‍ ഇറക്കിത്തുടങ്ങും. രണ്ടായിരത്തിലേറെ കണ്ടെയ്‌നറുകളുമായാണ് മെസ്‌ക് ലൈന്‍ കപ്പല്‍ കമ്പനിയുടെ സാന്‍ ഫെര്‍ണാന്‍ഡോ തുറമുഖത്ത് എത്തുന്നത്.
ഇതില്‍ 1960 എണ്ണം വിഴിഞ്ഞത്ത് ഇറക്കും. ബാക്കിയുള്ള കണ്ടെയ്‌നറുകളുമായി നാളെ വൈകിട്ട് കപ്പല്‍ യൂറോപ്പിലേക്ക് തിരിക്കും.
നാളെയോടെ തന്നെ കണ്ടെയ്‌നറുകള്‍ കയറ്റാനുള്ള ഫീഡര്‍ വെസലുകളും എത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് നാളെയാണ് കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുക.
ചടങ്ങില്‍ അദാനി പോര്‍ട്‌സ് സിഇഒ കരണ്‍ അദാനിയും പങ്കെടുക്കും. മൂന്നുമാസക്കാലം ഈ വിധം ട്രയല്‍റണ്‍ തുടരും. ജൂലൈയില്‍ തന്നെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ലോകത്തെ ഏറ്റവും വലിയ കപ്പലും വിഴിഞ്ഞെത്തുമെന്ന് അദാനി പോര്‍ട്‌സ് അറിയിച്ചു.