
ആലപ്പുഴ▪️ സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴില്‍ മേളയില്‍ 7641 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു.
മുന്‍കൂട്ടി ഡിഡബ്ല്യുഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത 7019 പേരും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി 622 പേരുമാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. മറ്റ് ജില്ലകളില്‍ നിന്ന് 678 തൊഴിലന്വേഷകരാണ് എത്തിയത്. 3727 ഉദ്യോഗാര്‍ഥികള്‍ വിവിധ കമ്പനികളിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതായി കമ്പനികള്‍ അറിയിച്ചു.
ഇവരുടെ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം, മറ്റ് മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച് വ്യക്തത വരുന്നതിനനുസരിച്ച് നിയമന ഉത്തരവുകള്‍ നല്‍കും. ഇന്നലെ വരെ 961 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ നല്‍കികഴിഞ്ഞു.
23171 ഒഴിവുകളിലേയ്ക്കാണ് ഇന്റര്‍വ്യൂ നടന്നത്. 39 പ്രാദേശിക കമ്പനികള്‍ ഉള്‍പ്പെടെ 124 കമ്പനികളാണ് മേളയുടെ ഭാഗമായത്. ഫെബ്രുവരി 14ന് നടന്ന വെര്‍ച്വല്‍ അഭിമുഖത്തില്‍ 966 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. 58 കമ്പനികളാണ് വെര്‍ച്വല്‍ അഭിമുഖത്തില്‍ പങ്കാളിയായത്.
ജില്ലയിലെ 18 ജോബ് സ്‌റ്റേഷന്‍ പരിധിയിലുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ നൈപുണിയിലുള്‍പ്പെടെ തുടര്‍ പരിശീലനം നല്‍കി അടുത്ത ആഴ്ച മുതല്‍ കമ്പനികളുമായി ആലോചിച്ച് ജില്ലയില്‍ തന്നെ കൂടുതല്‍ നിയമനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.