മാന്നാര്‍: വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കാനെത്തിയ ഇരട്ടകള്‍ കൗതുകമായി.
മാന്നാര്‍ ശ്രീകുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ നടത്തിയ വിദ്യാരംഭം ചടങ്ങിലാണ് ഇരട്ടകളുടെ പ്രവേശനം.
മാന്നാര്‍ കുട്ടമ്പേരൂര്‍ സാരംഗിയില്‍ ഇരട്ടസഹോദരങ്ങളില്‍ ഒരാളും പ്രവാസിയുമായ ശ്രീമോദിന്റെ ഇരട്ടക്കുട്ടികളായ രണ്ടരവയസ്സുള്ള അശ്വിന്‍ എസ്.പിള്ളയും ആരിഷ് എസ്.പിള്ളയുമാണ് ഇന്ന് ആദ്യാക്ഷരം കുറിച്ചത്.
അമ്മ സൗമ്യക്കും മാന്നാര്‍ അക്ഷര ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരന്‍ അഭിജിത്തിനുമൊപ്പമാണ് ഇവര്‍ ആദ്യാക്ഷരം കുറിക്കാന്‍ എത്തിയത്.
മാന്നാര്‍ കുരട്ടിശ്ശേരിയിലമ്മ ഭഗവതീക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ 11-ാം ദിവസം വിജയദശമി ദിനമായ ഇന്നലെ ക്ഷേത്ര തന്ത്രി പുത്തില്ലം നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഗണപതിഹോമത്തോടെ ആരംഭിച്ച ചടങ്ങുകളോടെ പൂജയെടുപ്പ്, മഹാസാരസ്വതഹോമം, മറ്റ് കലശപൂജകള്‍ എന്നിവ നടന്നു.
മുന്‍ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററും ഇപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് കണ്‍ട്രോളര്‍ കൂടിയായ കെ.വേണുഗോപാലിന്റെ നേതൃത്വത്തില്‍ രാവിലെ 7.30ന് വിദ്യാരംഭം കുറിക്കല്‍ ചടങ്ങുകള്‍ നടന്നു.
ക്ഷേത്രം പ്രസിഡന്റ് സജി കുട്ടപ്പന്‍, സെക്രട്ടറി പ്രഭകുമാര്‍, ട്രഷറര്‍ സജിവിശ്വനാഥന്‍, വൈസ്പ്രസിഡന്റ് ശിവന്‍പിള്ള, പ്രശാന്ത്, സുരേഷ് ഗീതം, രാജേന്ദ്രന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു.