⏺️ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് മടക്കിയത്
തിരുവനന്തപുരം▪️ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മടക്കി വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത.
സാമ്പത്തിക ആരോപണങ്ങള്‍ അടക്കം ഉയര്‍ന്നപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്മേല്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ മടക്കിയത്.
ചില കാര്യങ്ങളില്‍ റിപ്പോര്‍ട്ടില്‍ വ്യക്തത കുറവുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. വ്യക്തത കുറവുള്ള ഭാഗങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്നും വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടു. എം.ആര്‍ അജിത് കുമാറിനെതിരെ അന്വേഷണം നടത്തി കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പി.വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളിലാണ് എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
സ്വര്‍ണക്കടത്ത് സംഘത്തിന് സഹായം നല്‍കിയതുവഴി വലിയ രീതിയില്‍ സാമ്പത്തിക സഹായം, ആഡംബര വീട് പണിതത്തില്‍ ക്രമക്കേട്, ഫ്‌ളാറ്റ് വാങ്ങി ഇരട്ടിവിലയ്ക്ക് മറിച്ചുവിറ്റു, എസ്പി ക്യാമ്പിലെ മരംകുറിയില്‍ പങ്ക് തുടങ്ങിയവയായിരുന്നു എം.ആര്‍ അജിത് കുമാറിനെതിരെ പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍. അജിത് കുമാര്‍ കൊടും ക്രിമിനലാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ എം.ആര്‍ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി തന്നെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഇതിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് എം.ആര്‍ അജിത് കുമാറിന് ഉദ്യോഗസ്ഥര്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്.
എം.ആര്‍ അജിത് കുമാറിനെതിരായ സ്വര്‍ണക്കടത്ത് ആരോപണം തെറ്റെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ആഡംബര വീട് നിര്‍മാണം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഫ്‌ലാറ്റ് വിറ്റതില്‍ ക്രമക്കേടില്ല. മരംമുറിയില്‍ അജിത് കുമാറിന് പങ്കില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.