ആലപ്പുഴ ▪️ അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ കര്‍മ്മം ഓരോ ഭാരതീയന്റെയും അഭിമാനമുയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തമാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ആര്‍.എസ്.എസ്. പ്രാന്തീയ കാര്യകാരി സദസ്യന്‍ എ.ആര്‍.മോഹനില്‍ നിന്ന് അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം കണിച്ചുകുളങ്ങരയിലെ വസതില്‍ വച്ച് പ്രീതി നടേശനൊപ്പം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിജീവിതത്തിലും കര്‍മ്മപഥത്തിലും മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്ര ഭഗവാന്‍ മതസമന്വയത്തിന്റെ ഉത്തമ പ്രതീകമാണ് സരയൂതീരത്ത് അയോദ്ധ്യയിലെ ശ്രീരാമചന്ദ്രദേവന്റെ പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും എത്തുകതന്നെ വേണം.
ഇതിനായി ജനുവരി 22ന് പ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ എല്ലാ വിശ്വാസികളും സ്വഭവനങ്ങളില്‍ ദീപം തെളിച്ച് ലോകനന്മയ്ക്കായി പ്രാത്ഥിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആഹ്വാനം ചെയ്തു.
പ്രാന്തീയ കാര്യകാരി സദസ്യന്‍ വി. മുരളീധരന്‍, വിഭാഗ് ശാരീരിക് പ്രമുഖ് എ.വി.ഷിജു, ജില്ലാ സഹകാര്യവാഹ് കെ.എം മഹേഷ്, അയോദ്ധ്യ ജില്ലാ സംയോജക് വി.വിനോദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.