തൊടുപുഴ ▪️ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ തൊടുപുഴ നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി.
മുസ്ലിം ലീഗ് പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. സിപിഎമ്മിലെ സബീന ബിഞ്ചു നഗരസഭാ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു.
14 വോട്ടാണ് സബീന ബിഞ്ചുവിന് ലഭിച്ചത്. കോണ്‍ഗ്രസിലെ കെ ദീപക്കിന് 10 വോട്ടും ലഭിച്ചു.
അഞ്ച് ലീഗ് അംഗങ്ങളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത്. പിന്നാലെ ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിസിസി അധ്യക്ഷന്‍ രംഗത്തെത്തി. ചതിയന്‍ ചന്തുവിന്റെ പണിയാണ് മുസ്ലിം ലീഗ് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ജനാധിപത്യ കേരളം പൊറുക്കില്ല. തൊടുപുഴ മുനിസിപ്പാലിറ്റി ജനാധിപത്യ വിശ്വാസികളുടെ ഈറ്റില്ലമാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം അനുഭവിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.
അതേസമയം യുഡിഎഫിന് വേണ്ടി പലവട്ടം വിട്ടുവീഴ്ച്ച ചെയ്ത പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ലീഗിനെ വഞ്ചിച്ചുവെന്ന തോന്നല്‍ വന്നപ്പോഴാണ് എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തീരുമാനം എടുത്തതെന്നും ലീഗ് പ്രതികരിച്ചു.
ചെയര്‍മാനായിരുന്ന സനീഷ് ജോര്‍ജ് രാജിവെച്ചതിന് പിന്നാലെയാണ് നഗരസഭയില്‍ പുതിയ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.