തിരുവനന്തപുരം ▪️ ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് വര്‍ക്കല പാപനാശം ബീച്ചില്‍. ഫ്ലോട്ടിങ് ബ്രിഡ്ജ് അടക്കമുള്ള ബീച്ചിലെ അഡ്വെഞ്ചര്‍ ടൂറിസം പദ്ധതി മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു.
സംസ്ഥാനത്തെ ഏഴാമത്തെ ഫ്ളോട്ടിങ് ബ്രിഡ്ജാണ് വര്‍ക്കലയിലേത്. ഉദ്ഘാടന ദിവസം കടലിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന പാലം കാണാന്‍ എത്തിയത് നൂറുകണക്കിന് വിനോദസഞ്ചാരികള്‍.
പാപനാശത്ത് കടലില്‍ പൊങ്ങി കിടക്കുന്ന പാലം വിനോദ സഞ്ചാരികളില്‍ കൗതുകമുണ്ടാക്കി. പാലത്തില്‍ നിന്ന് തിരമാലകളുടെ ചലനങ്ങള്‍ അനുഭവിക്കാന്‍ ആദ്യ ദിനം തന്നെ സഞ്ചാരികളുടെ വാന്‍ തിരക്ക്. പാലം അവസാനിക്കുന്നിടത്തെ വിശാലമായ പ്ലാറ്റഫോമില്‍ നിന്ന് കടലിന്റെ ഭംഗി ആവോളം ആസ്വദിക്കാം. അതും കടലിന്റെ താളത്തിനൊത്ത്.
ഫ്ളോട്ടിങ് ബ്രിഡ്ജ് പോലുള്ള വാട്ടര്‍ സ്പോര്‍ട്സ് സാധ്യതകളെ കേരളത്തിന്റെ ബീച്ചുകളില്‍ കൂടുതല്‍ അവതരിപ്പിക്കുമെന് പാലം ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ആണ് പാലത്തെ കടലില്‍ പിടിച്ചിനിറുത്തിയിരിക്കുന്നത്. ഒരേസമയം 100 പേര്‍ക്കാണ് ബ്രിഡ്ജില്‍ പ്രവേശനം. രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയാണ് പ്രവേശന സമയം.
സുരക്ഷാ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും സജ്ജമാണ്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി, വര്‍ക്കല മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.