കണ്ണൂര്‍ ▪️വളപട്ടണത്ത് അരിവ്യാപാരിയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ പ്രതി പിടിയില്‍. മോഷണം നടന്ന വീടിന്റെ അയല്‍വാസിയായ ലിജീഷ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്.
ഇന്നലെ രാത്രിയോടെയാണ് ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന സാഹചര്യവും രീതിയും പരിശോധിച്ചപ്പോള്‍ വീടിനെപ്പറ്റി ധാരണയുള്ള ഒരു വ്യക്തിയാണ് പിന്നില്‍ എന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.
സിസിടിവിയില്‍ പെടാതെ അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. കൃത്യമായി, എവിടെയെല്ലാം ക്യാമറകള്‍ ഉണ്ട് എന്നറിഞ്ഞ പോലെയായിരുന്നു മോഷണരീതി. ശേഷം വീടിന് പിന്നിലെ റെയില്‍വേ ട്രാക്കിലൂടെ മോഷ്ടാവ് കടന്നുകളഞ്ഞു.
ഇവയെല്ലാം പരിശോധിച്ച പൊലീസ് പ്രദേശത്തെക്കുറിച്ച് നന്നായി അറിയാവുന്ന ഒരാളാണ് മോഷണത്തിന് പിന്നില്‍ എന്ന നിഗമനത്തില്‍ എത്തിയിരുന്നു. ഇതോടെ ലിജീഷിലേക്ക് അന്വേഷണം എത്തുകയും പിടിയിലാവുകയും ആയിരുന്നു. ഇയാളില്‍ നിന്ന് മോഷണം പോയ സ്വര്‍ണവും പണവും കണ്ടെടുത്തു.
അരി വ്യാപാരിയായ വളപട്ടണം മന്ന അഷ്‌റഫിന്റെ വീട്ടില്‍ നിന്നായിരുന്നു ഒരു കോടി രൂപയും 300 പവനും മോഷണം പോയത്. അഷ്‌റഫും കുടുംബവും മധുരയിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് മോഷണം നടന്നത്.
ഈ മാസം 19നാണ് ഇവര്‍ വീട് പൂട്ടി മധുരയിലേക്ക് പുറപ്പെട്ടത്. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് മോഷണം പോയത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്നത്.