ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണക്കേസില്‍ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍.
കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ഷാ, കാര്‍ത്തികപ്പള്ളി സ്വദേശി ഹരിത എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. രാത്രികാലങ്ങളില്‍ ബൈക്കില്‍ കറങ്ങി കാണിക്ക വഞ്ചിക്കള്‍ മോഷ്ടിക്കലാണ് ഇവരുടെ രീതി.
വൈക്കം വെച്ചൂര്‍, തലയാഴം ഭാഗങ്ങളിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിലാണ് ഇരുവരെയും പോലിസ് പിടികൂടിയത്.
സെപ്റ്റംബര്‍ 24ന് പുലര്‍ച്ചെ വെച്ചൂരിലെ മൂന്ന് ക്ഷേത്രങ്ങളിലെയും പള്ളി കപ്പേളയിലെയും കാണിക്ക വഞ്ചികള്‍ പൊളിച്ച് ഇവര്‍ പണം അപഹരിച്ചിരുന്നു. വൈക്കം പോലീസ് കോട്ടയത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.
കായംകുളം, ഇടുക്കി എന്നിവടങ്ങളില്‍ അടിപിടി, മോഷണ കേസുകളില്‍ ഇവര്‍ പ്രതികളാണ്. ആരാധനാലയങ്ങളിലെ സിസിടിവി യില്‍ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങളും ബൈക്കിന്റ നമ്പറുമാണ് പ്രതികളിലേയ്‌ക്കെത്താന്‍ പോലിസിനെ സഹായിച്ചത്.
ഇവരില്‍ നിന്ന് പോലിസ് പണവും കണ്ടെടുത്തു. പ്രതികള്‍ക്കെതിരെ സമാനമായ കേസുകള്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിലവിലുണ്ട്. അന്‍വര്‍ ഷായെ പോലീസ് മോഷണം നടന്ന വൈക്കത്തെ വിവിധ ക്ഷേത്രങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി.
ഇവര്‍ ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാതെ , മോഷണം നടത്തുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അവിടെ ലോഡ്ജില്‍ മുറിയെടുക്കുകയും മോഷണം നടത്തിയതിനുശേഷം കടന്നുകളയുകയുമാണ് പതിവ്.
ഇരുവരെയും കോടതിയില്‍ ഹാജരാക്കി. വൈക്കത്ത് ഏതാനും മാസങ്ങള്‍ക്കിടയില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പത്തോളം മോഷണങ്ങള്‍ നടന്നിരുന്നു.
വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ അലങ്കാരഗോപുരം, വലിയ കവലയിലെ അലങ്കാര ഗോപുരത്തിനു സമീപത്തെ ഭണ്ഡാരം , കൊച്ചാലുംചുവട് ഭഗവതി ക്ഷേത്രം, നഗരത്തിലെ ജ്വല്ലറി, കച്ചേരികവലയിലെ വനദുര്‍ഗാ ക്ഷേത്രം, ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
മാസങ്ങള്‍ പിന്നിട്ടിട്ടും ഈ മോഷണങ്ങളുമായി ബന്ധപ്പെട്ട് മോഷ്ടാക്കളെ പിടികൂടാന്‍ കഴിയാതിരുന്നത് പോലിസിനേയും സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ രണ്ടുപേരെ ഏറെ ശ്രമം നടത്തി പിടികൂടാനായത് പോലിസിനും നേട്ടമായി.