ദോഹ: ഖത്തര്‍ ലോകകപ്പിനൊരു മലയാളി ടച്ചുണ്ട്. വര്‍ണാഭമായ സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണം മുതല്‍ ലോകകപ്പ് സംഘാടനവും മത്സരാവേശവും വരെ നീളുന്ന കേരളത്തിന്റെ ഇഴമുറിയാത്ത ബന്ധമുണ്ട്.
ഫുട്‌ബോള്‍ ലോകകപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ കാഴ്ചക്കാരായും വോളണ്ടിയര്‍മാരായും പങ്കെടുക്കുന്ന ലോകകപ്പാണ് ഖത്തറിലേത്.
ഖത്തറിന്റെ മണലാരണ്യങ്ങളിലേക്ക് ജീവിത നിധി തേടി ചേക്കേറിയ മലയാളികളുടെ ഉത്സവം കൂടിയാണ് ഖത്തറിലെ വിശ്വ ഫുട്‌ബോള്‍ മാമാങ്കം. ഈ മലയാളിക്കരുത്തിന് സ്‌നേഹനന്ദി അറിയിച്ചിരിക്കുകയാണ് ഖത്തര്‍ ലോകകപ്പിന്റെ സംഘാടകര്‍.
ഖത്തറും ഇക്വഡോറും തമ്മിലുള്ള കിക്കോഫ് മത്സരത്തിന് വേദിയായ അല്‍ ബയ്ത്ത് സ്‌റ്റേഡിയത്തിന്റെ കവാടത്തില്‍ മലയാളത്തിലും നന്ദി എഴുതി പ്രകാശിപ്പിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല മറ്റനേകം ഭാഷകളിലുമുണ്ട് ഖത്തറിന്റെ ഹൃദയത്തില്‍ നിന്നുള്ള ഈ സ്‌നേഹവായ്പ്.