കോഴഞ്ചേരി ▪️ തമിഴ്‌നാട്ടിലെ കൊടും കുറ്റവാളികളായ സഹോദരങ്ങളെ പിടികൂടി.
കോഴഞ്ചേരി തെക്കേ മലയില്‍ ഒളിവില്‍ താമസിച്ചിരുന്ന തമിഴ്‌നാട്ടിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ടു പേരെ ആറന്മുള പോലീസ് പിടികൂടി.
തമിഴ്‌നാട് തിരുനെല്‍വേലി പള്ളി കോട്ടൈ നോര്‍ത്ത് സ്ട്രീറ്റില്‍ ഗണേശന്‍ മകന്‍ പള്ളികോട്ടെ മാടസ്വാമി എന്ന് വിളിക്കുന്ന മാടസ്വാമി (27), ഇയാളുടെ സഹോദരന്‍ ഊട്ടി ശെമ്മാരി എന്ന് വിളിക്കുന്ന സുഭാഷ് (25) എന്നിവരാണ് പിടിയിലായത്.
അതിഥി തൊഴിലാളികളുടെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് ആറന്മുള പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.
സംശയാസ്പദമായി കണ്ട ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ടും നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം വെളിവായതും തമിഴ്‌നാട് പോലീസ് തേടുന്ന കൊടും കുറ്റവാളികളാണ് ഇവര്‍ എന്നും മനസ്സിലായതും.
തമിഴ്‌നാട്ടിലെ മൂന്ന് കൊലപാതക കേസുകള്‍, കവര്‍ച്ച കേസുകള്‍ ഉള്‍പ്പടെ 19 കേസുകളില്‍ പ്രതിയാണ് മാടസ്വാമി. മൂന്നു കൊലക്കേസുകള്‍ ഉള്‍പ്പെടെ 11 ഓളം കേസുകളിലെ പ്രതിയാണ് സുഭാഷ്.
കഴിഞ്ഞ നാല് വര്‍ഷമായി ഇവരുടെ മാതാപിതാക്കള്‍ തെക്കേമലയിലും പരിസരപ്രദേശങ്ങളിലും വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ആറു മാസമായി രണ്ടു പേരും കൂടി മാതാപിതാക്കളോടൊപ്പം വന്നു താമസിച്ച് കോഴഞ്ചേരിയിലും തെക്കേമലയിലും ലോട്ടറി വില്പന നടത്തി വരികയായിരുന്നു.
ഇവിടെ താമസിച്ച കാലയളവില്‍ ഏതെങ്കിലും കേസുകള്‍ ഉണ്ടോ എന്നുള്ള അന്വേഷണത്തിനുശേഷം ഇവരെ തമിഴ്‌നാട് പോലീസിന് കൈമാറി.