ടി20 ലോകകപ്പിലെ ആദ്യ സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 186 റണ്‍സാണ് ഇന്ത്യ നേടിയത്
57 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവും (50) ഇന്ത്യക്കായി തിളങ്ങി. ഓസ്‌ട്രേലിയക്ക് വേണ്ടി കെയിന്‍ റിച്ചാര്‍ഡ്‌സണ്‍ 4 വിക്കറ്റ് വീഴ്ത്തി.
കെഎല്‍ രാഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. തുടക്കം മുതല്‍ രാഹുല്‍ ആക്രമിച്ചുകളിച്ചപ്പോള്‍ രോഹിത് ക്രീസില്‍ ഉറച്ചുനിന്നു. 27 പന്തില്‍ രാഹുല്‍ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ മാക്‌സ്‌വലിനു വിക്കറ്റ് സമ്മാനിച്ച് താരം മടങ്ങി.
തൊട്ടടുത്ത ഓവറില്‍ രോഹിതും (15) മടങ്ങി. ആഷ്ടന്‍ ആഗറിനായിരുന്നു വിക്കറ്റ്. മൂന്നാം വിക്കറ്റില്‍ കോലിസൂര്യ സഖ്യം 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കോലിയെ (19) പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. ഹാര്‍ദിക് പാണ്ഡ്യ (2) പെട്ടെന്ന് മടങ്ങി. കെയിന്‍ റിച്ചാര്‍ഡ്‌സണിന്റെ ആദ്യ ഇരയായിരുന്നു ഹാര്‍ദിക്.
ചില മികച്ച ഷോട്ടുകളിലൂടെ സ്‌കോര്‍ ഉയര്‍ത്തിയ ദിനേഷ് കാര്‍ത്തികും (20) റിച്ചാര്‍ഡ്‌സണിന്റെ ഇരയായി മടങ്ങി. 32 പന്തുകളില്‍ ഫിഫ്റ്റിയടിച്ച സൂര്യകുമാറും അശ്വിനും (6) റിച്ചാര്‍ഡ്‌സണ്‍ എറിഞ്ഞ അവസാന ഓവറില്‍ പുറത്തായി.