കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളുടെ നീക്കം പാളുന്നു.
പിസിസികള്‍ വഴി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അനുകൂലമായി പ്രചാരണം നടത്തുന്നതിനിടെയാണ് ഒരു വിഭാഗം എതിര്‍ക്കുന്നത്.
എതിര്‍പ്പുമായി വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്ന സോണിയ ഗാന്ധിയുടെ പ്രഖ്യാപമാണ് യുവനേതാക്കള്‍ ഉയര്‍ത്തുന്നത്.
പിസിസികള്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള വേദിയാകരുതെന്നാണ് ആവശ്യം. ഉത്തര്‍പ്രദേശിലെ ടയൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യു നേതാക്കള്‍ പ്രതിഷേധമറിയിച്ചു.
മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിലും ഖാര്‍ഗെ അനുകൂല പ്രചാരണങ്ങള്‍ക്കെതിരെ എതിര്‍പ്പുയര്‍ന്നു.ഖാര്‍ഗെ അനുകൂല പ്രചാരണമുണ്ടായാല്‍ ചെറുക്കുമെന്ന് യുവനേതാക്കള്‍ നേതൃത്വത്തെ അറിയിച്ചു.
എ.കെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തന്നെ പിന്തുണയ്ക്കാത്തതില്‍ തരൂര്‍ അതൃപ്തനാണ്. പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് താന്‍ അവഗണന നേരിടുകയാണെന്ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലൂടെ തരൂര്‍ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ലമെന്റില്‍ ഉള്‍പ്പെടെ തനിക്ക് അര്‍ഹതപ്പെട്ട അവസരം നല്‍കുന്നില്ല. തന്റെ കാഴ്ച്ചപ്പാടിലും മൂല്യങ്ങളിലും വെള്ളം ചേര്‍ത്ത് പാര്‍ട്ടിക്ക് വിധേയനാകാനാകില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ആന്റണി ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ സഹായവും പിന്തുണയും പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയില്ല. ഇതിനെ വലിയൊരു നഷ്ടമായി കാണുന്നില്ല. കാരണം കേരളത്തിലെ യുവാക്കള്‍ തന്നോടൊപ്പമുണ്ടെന്നും തരൂര്‍ പറഞ്ഞു.
ഇന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ സ്ഥാനം ഒഴിഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്ന കത്ത് രാജ്യസഭാ ഉപാധ്യക്ഷന് കൈമാറി.
ജയ്പൂര്‍ സമ്മേളനത്തില്‍ എടുത്ത ഒരാള്‍ക്ക് ഒരു പദവി എന്ന പാര്‍ട്ടി നയം പാലിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചത്. മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയതിന് പിന്നാലെയാണ് രാജി നല്‍കിയത്.