രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ത്ഥി ശശി തരൂര്‍. താന്‍ അംബാനിക്കും അദാനിക്കുമെതിരല്ലെന്ന് തരൂര്‍ പ്രതികരിച്ചു.
രാജ്യത്തെ ബിസിനസ്സ് മേഖല ഇപ്പോഴുള്ളതുപോലെ അമിതമായി നിയന്ത്രിക്കപ്പെടാത്തതിനെ അനുകൂലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘യഥാര്‍ത്ഥ കോണ്‍ഗ്രസ് നിലപാടാണ് ഗെലോട്ട് പറഞ്ഞത്. എന്റെ സംസ്ഥാനത്ത് വന്ന് നിക്ഷേപം നടത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വരുമാനം വര്‍ദ്ധിപ്പിക്കാനും ആരെങ്കിലും തയ്യാറാണെങ്കില്‍ തീര്‍ച്ചയായും അവരെ സ്വാഗതം ചെയ്യും.
അദാനി തിരുവനന്തപുരത്ത് വിമാനത്താവളത്തിനായി ലേലം വിളിച്ചപ്പോള്‍ എന്റെ നിലപാട് അതായിരുന്നു. അദ്ദേഹത്തോട് സഹകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്റെ മണ്ഡലത്തില്‍ സംഭവിച്ചതും അതാണ്’ -വന്‍കിട വ്യവസായികളെ സഹായിച്ചെന്നാരോപിച്ച് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി നിരന്തരം ആരോപണം ഉന്നയിക്കുമ്പോള്‍ ഗെലോട്ട് നടത്തിയ പ്രസ്താവന ശരിയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘നോക്കൂ, 1991ലെ ഉദാരവല്‍ക്കരണത്തെ വളരെയധികം സ്വാഗതം ചെയ്ത കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരാളാണ് ഞാന്‍. നമ്മുടെ രാജ്യത്തെ ബിസിനസ്സ് ഇപ്പോഴുള്ളതുപോലെ അമിതമായി നിയന്ത്രിക്കപ്പെടാത്തതിനെ ഞാന്‍ വളരെയധികം അനുകൂലിക്കുന്നു.
എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന വരുമാനം പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും പുറംതള്ളപ്പെട്ടവര്‍ക്കും വിതരണം ചെയ്യാന്‍ സര്‍ക്കാരിന് ലഭ്യമാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
അദാനിമാരോടോ, അംബാനിമാരോടോ അല്ലെങ്കില്‍ എന്റെ രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ തയ്യാറുള്ള മറ്റേതെങ്കിലും വ്യവസായികളോടോ എനിക്ക് എതിര്‍പ്പില്ല. എന്റെ രാജ്യത്ത് നിക്ഷേപം നടത്തി ഇന്ത്യക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ ഞാന്‍ അനുകൂലിക്കും.’ -തരൂര്‍ പറയുന്നു.