കെ.സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല പ്രസ്താവന ചര്‍ച്ച ചെയ്യാന്‍ നാളെ കൊച്ചിയില്‍ ചേരാനിരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി. കെ. സുധാകരന്‍ ചികിത്സയിലായതിനാലാണ് യോഗം മാറ്റിയതെന്ന് വിശദീകരണം.
അതേസമയം കെ. സുധാകരനെതിരായ കൂട്ട പരാതികള്‍ ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്യാന്‍ പോകുന്നു. വിഭാഗീയതയുടെ ഭാഗമായാണോ നീക്കം എന്നത് പരിശോധിച്ച് താരിഖ് അന്‍വര്‍ റിപ്പോര്‍ട്ട് നല്‍കും.
സുധാകരന്‍ തുടര്‍ച്ചയായി നടത്തുന്ന വിവാദ പരാമര്‍ശങ്ങള്‍ എന്തിന്റെ പേരിലായാലും വകവെച്ച് കൊടുക്കാന്‍ കഴിയില്ലെന്ന സന്ദേശം ഘടകകക്ഷികള്‍ കോണ്‍ഗ്രസിന് കൈമാറിക്കഴിഞ്ഞു.
പ്രസ്താവനയെ തുടര്‍ന്ന് യു.ഡി.എഫിലുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് സുധാകരന്‍. ഘടകകക്ഷി നേതാക്കളെ നേരില്‍ കണ്ട് ചര്‍ച്ച നടത്തും. എന്നാല്‍ നേരില്‍ കാണണമെന്ന സുധാകരന്റെ ആവശ്യം ലീഗ് ഇതുവരെ അംഗീകരിച്ചിട്ടില്ല.
സി.പി.ഐ എമ്മിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ കഴിയാത്ത സാഹചര്യം ആര്‍.എസ്.എസ് അനുകൂല പരാമര്‍ശങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടുവെന്നാണ് ഘടക കക്ഷികളുടെ വാദം.
ഇത് ശരിയാണെന്ന് കോണ്‍ഗ്രസ് നേതൃത്വവും സമ്മതിക്കുന്നു. ഹൈക്കമാന്‍ഡ് കൂടി അതൃപ്തി അറിയിച്ചതോടെ എങ്ങനെയും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം സുധാകരന്‍ തുടങ്ങി.
ആര്‍.എസ്.എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയെന്ന പ്രസ്താവന വിവാദമായതോടെ തന്നെ ലീഗ് നേതാക്കളെ നേരില്‍ കാണാന്‍ സുധാകരന്‍ ശ്രമിച്ചു. എന്നാല്‍ സമയ കുറവ് പറഞ്ഞ് ലീഗ് നേതൃത്വം കൂടിക്കാഴ്ച ഒഴിവാക്കി.