ചെങ്ങന്നൂര്‍ ▪️ മോഷ്ടിച്ചെടുത്ത ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ ദമ്പതികളടക്കം മൂന്നു പേരെ ചെങ്ങന്നൂര്‍ പൊലിസ് അറസ്റ്റു ചെയ്തു.
റാന്നി പഴവങ്ങാടി കരികുളം കള്ളിക്കാട്ടില്‍ വീട്ടില്‍ ബിനുതോമസ് (32), ചെങ്ങന്നൂര്‍ പാണ്ടനാട് വെസ്റ്റ് ഒത്തന്റെകുന്നില്‍ അനു ഭവനത്തില്‍ അനു (40), ഭാര്യ വിജിത വിജയന്‍ (25) എന്നിവരാണ് പിടിയിലായത്.
ഓഗസ്റ്റ് 14ന് ചെങ്ങന്നൂര്‍ പുത്തന്‍വീട്ടില്‍പടി ഓവര്‍ ബ്രിഡ്ജിനു സമീപത്തു നിന്നും മോഷ്ടിച്ചെടുത്ത സ്പ്ലന്‍ഡര്‍ ബൈക്കില്‍ കറങ്ങി നടന്നാണ് മാല മോഷണം നടത്തിയത്. തൊട്ടടുത്ത ദിവസം ഇടനാട് ഭാഗത്ത് വഴിയെ നടന്നു പോയ സ്ത്രീയുടെ മൂന്നര പവന്റെ സ്വര്‍ണ്ണമാലയും ഇവര്‍ കവര്‍ന്നു.
ബിനു തോമസ്, അനു എന്നീ പ്രതികള്‍ മോഷ്ടിച്ചെടുക്കുന്ന സ്വര്‍ണ്ണം വിജിത വിജയനാണ് വില്‍പന നടത്തിയിരുന്നത്.
ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. എം.കെ ബിനുകുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എ.സി വിപിന്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ വി.എസ് ശ്രീജിത്ത്, ശ്രീകുമാര്‍, അനിലാകുമാരി, സീനിയര്‍ സി.പി.ഒ മാരായ അനില്‍ കുമാര്‍, സിജു, സി.പി.ഒ മാരായ സ്വരാജ്, ജിജോ സാം, വിഷു, പ്രവീണ്‍, ജുബിന്‍ എന്നിവരുടെ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
പ്രതികള്‍ കവര്‍ന്ന സ്വര്‍ണ്ണം ഇനിയും കണ്ടെടുക്കാനുണ്ടെന്ന് എസ്.എച്ച്.ഒ എ.സി വിപിന്‍ പറഞ്ഞു.