ചെങ്ങന്നൂര്‍ ▪️ കെഎസ്ഇബിയുടെ സൗര പുരപ്പുറ പദ്ധതി പ്രകാരം വീട്ടില്‍ സോളാര്‍ സിസ്റ്റം സ്ഥാപിക്കാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
ഇത് സംബന്ധിച്ച് ചെങ്ങന്നൂര്‍ സ്വദേശി ചെങ്ങന്നൂര്‍ പോലീസ് എസ്എച്ച്ഒയ്ക്ക് പരാതി നല്‍കി.
പ്രവാസിയുടെ വീട്ടില്‍ സോളാര്‍ സിസ്റ്റം സ്ഥാപിക്കാനായി തൊടുപുഴയിലെ ചുങ്കത്തുള്ള റീക്കോ എനര്‍ജി ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ബേബി മാത്യു പണം തട്ടിയെടുത്തെന്ന് പരാതിയില്‍ പറയുന്നു.
അഞ്ച് വര്‍ഷത്തെ വാറന്റിയോടെ 3 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ സിസ്റ്റം സ്ഥാപിക്കുന്നതിന് 1,67,220 രൂപ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ധാരണ പ്രകാരം 2023 ഓഗസ്റ്റ് 18ന് സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ നല്‍കുകയായിരുന്നു.
പ്രവാസിയുടെ സഹോദര പുത്രന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നുമാണ് പണം നല്‍കിയത്.
എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ആരംഭിക്കാതിരുന്നതോടെ തൊടുപുഴയിലെ ഓഫീസിലെത്തി കരാര്‍ പ്രകാരം നിര്‍മ്മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.
കഴിഞ്ഞ 9 മാസമായി പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് ചെങ്ങന്നൂര്‍ പോലീസില്‍ പരാതിയുമായി എത്തിയത്.