ചൈനയില്‍ കൊവിഡ് പ്രതിസന്ധി അതീവ ഗുരുതരം. ഒറ്റ ദിവസം കൊണ്ട് 37 ദശലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ലോകത്തെ ഏറ്റവും വലിയ കൊവിഡ് വ്യാപനമാണ് നിലവില്‍ ചൈനയില്‍ ഉണ്ടായിരിക്കുന്നത്. 248 മില്യണ്‍ ജനങ്ങളില്‍ 18% പേര്‍ക്കും ഡിസംബറിലെ ആദ്യ 20 ദിവസത്തിനകത്ത് തന്നെ കൊവിഡ് സ്ഥിരീകരിച്ചു.
ചൈനീസ് ഭരണകൂടം കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണ് പെട്ടെന്നുണ്ടായ ഈ കൊവിഡ് വ്യാപനത്തിന് കാരണം. ബെയ്ജിംഗിലെ പകുതിയിലേറെ ജനവിഭാഗങ്ങളും, സീചനിലെ മുക്കാല്‍ ഭാഗം ജനങ്ങളും കൊവിഡി പിടിയിലമര്‍ന്ന് കഴിഞ്ഞു.
നേരത്തെ ചൈന കൊവിഡ് കണക്കുകള്‍ മറച്ചുവയ്ക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ലോകാരോഗ്യസംഘടനയ്ക്ക് കൊവിഡ് കണക്കുകള്‍ കൈമാറുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ചൈനയില്‍ കൊവിഡ് സാഹചര്യം അതീവരൂക്ഷമയതിനാല്‍ കണക്കുകള്‍ നല്‍കാനെടുക്കുന്ന കാലതാമസമാകാം ഇതിന് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്.
ലോകാരോഗ്യ സംഘടന പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം ചൈനയില്‍ ഓരോ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഡിസംബര്‍ 4ന് ചൈനയില്‍ പ്രതിദിനം 28,859 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായായിരുന്നു ചൈനയിലെ പ്രതിദിന കൊവിഡ് കണക്ക് ഇത്രയും ഉയരുന്നത്. എന്നാല്‍ ഡിസംബര്‍ 4ന് ശേഷം ചൈനയില്‍ നിന്ന് കണക്കുകളൊന്നും ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്നത്തെ കൊവിഡ് കണക്ക് പുറത്ത് വന്നിരിക്കുന്നത്.