ആലപ്പുഴ ▪️ ചേര്‍ത്തല റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ നിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും പിടിച്ചുപറിക്കുകയും യുവതിയുടെ കൂടെനിര്‍ത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്ത കേസിലെ ഏഴ് പ്രതികള്‍ അറസ്റ്റിലായി.
ആലുവ ചൂര്‍ണിക്കര പഞ്ചായത്ത് പത്താം വാര്‍ഡ് തായിക്കാട്ടുകര പഴയപറമ്പ് വീട്ടില്‍ അബ്ദുല്‍ ജലീല്‍ (34), കൊല്ലം കരുനാഗപ്പള്ളി ശിവഭവനം വീട്ടില്‍ കല്യാണി (20),ചൂര്‍ണിക്കര പത്താം വാര്‍ഡ് ബാര്യത്ത് വീട്ടില്‍ ജലാലുദ്ദീന്‍ (35),പാലക്കാട് വാണിയംകുളം പഞ്ചായത്ത് കുന്നുംപറമ്പ് വീട്ടില്‍ മഞ്ജു (25), എറണാകുളം പള്ളുരുത്തി കല്ലുപുരയ്ക്കല്‍ വീട്ടില്‍ അല്‍ത്താഫ് (29), ആലുവ ചൂര്‍ണിക്കര പത്താം വാര്‍ഡ് മാഞ്ഞാലി വീട്ടില്‍ മുഹമ്മദ് റംഷാദ് (25), ചൂര്‍ണിക്കര തായിക്കാട്ടുകര തച്ചാവള്ളത്ത് വീട്ടില്‍ ഫൈസല്‍ (32) എന്നിവരെയാണ് ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ 23ന് പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം.
ആലപ്പുഴ ആറാട്ടുവഴി സ്വദേശിയായ യുവാവിനെയാണ് ബലമായി കാറില്‍ കയറ്റി കാക്കനാട് ഭാഗത്തേക്ക് കൊണ്ടുപോയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തല ഡി വൈ എസ് പി കെ.വി ബെന്നി, ഇന്‍സ്‌പെക്ടര്‍ ബി വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.
എസ് ഐ കെ.പി അനില്‍കുമാര്‍, സീനിയര്‍ സി പി ഒമാരായ സതീഷ്, ഗിരീഷ്, അരുണ്‍കുമാര്‍, പ്രവീഷ്, സി പി ഒമാരായ രഞ്ജിത്ത്, പ്രതിഭ എന്നിവരടങ്ങിയ സംഘം ഇന്ന് എറണാകുളം ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.
ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.