ബെംഗളുരു ▪️ അങ്കോള മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായി തിരച്ചില്‍ തുടരുന്നു.
കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം മഴ കുറഞ്ഞതോടെ വീണ്ടും ആരംഭിക്കുകയായിരുന്നു. ലോറി ഗംഗാവലിപ്പുഴയില്‍ലേക്ക് വീണിരിക്കാമെന്ന സംശയത്തില്‍ നേവി നടത്തിയ തിരച്ചിലില്‍ വാഹനം കണ്ടെത്താനായില്ല.
വാഹനം പുഴയിലേക്ക് മറിഞ്ഞിട്ടില്ലെന്നാണ് അനുമാനം. മലയിടിഞ്ഞ് വീണുള്ള മണ്ണിനടിയില്‍ വാഹനം കുടുങ്ങിയിട്ടുണ്ടോ എന്നതില്‍ ഇനി പരിശോധന നടത്തും. മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉപയോഗിച്ചാകും പരിശോധന നടത്തുക.
രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. എന്നാല്‍ അപകടം നടന്ന് നാല് ദിവസമായിട്ടും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമല്ലെന്നാണ് അര്‍ജുന്റെ കുടുംബം ആരോപിക്കുന്നത്.
കോഴിക്കോട് സ്വദേശിയാണ് അര്‍ജുന്‍. അര്‍ജുനെ കണ്ടെത്താന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍ അറിയിച്ചു. വിഷയത്തില്‍ കര്‍ണാടക ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ട് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അര്‍ജുന്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടെന്ന സംശയം ഉള്ളപ്പോഴും മൂന്ന് ദിവസമായി തെരച്ചില്‍ മന്ദഗതിയിലായിരുന്നു. സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് നിര്‍ദേശം നല്‍കി.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കളക്ടറുമായും പൊലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.
കോഴിക്കോട് മുക്കം സ്വദേശി അര്‍ജുനെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാതായിരിക്കുന്നത്. തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറാണ് അര്‍ജുന്‍. അപകടം നടന്നയിടത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടെ ചായ കുടിക്കാന്‍ ഇറങ്ങിയവര്‍ അപകടത്തില്‍പ്പെട്ടിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞിരുന്നു.
വാഹനത്തിന്റെ ജിപിഎസ് സിഗ്‌നല്‍ അവസാനമായി ലഭിച്ചത് മണ്ണിടിച്ചില്‍ നടന്നയിടത്താണ്. വണ്ടിയുടെ എന്‍ജിന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുമുണ്ട്. ലോറി എസി ആയതിനാല്‍ മണ്ണ് ഉള്ളിലേക്ക് കയറാനിടയില്ല. അങ്ങനെയെങ്കില്‍ മണ്ണിനടിയില്‍ ലോറിയും അര്‍ജുനും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.