ചെങ്ങന്നൂര്‍: വിരലില്‍ മഷി പുരട്ടി, വോട്ട് ചെയ്ത്, ജനാധിപത്യം തൊട്ടറിഞ്ഞു വിദ്യാര്‍ഥികള്‍.
വരിയായി നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് കാട്ടി, കൈവിരലില്‍ മഷി പുരട്ടി വോട്ട് ചെയ്ത് ജനാധിപത്യത്തില്‍ പങ്കാളികളായത് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു.
ചെങ്ങന്നൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ ഇന്ന് നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് തികച്ചും ജനാധിപത്യ രീതിയില്‍ പൊതു തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധം നടപടിക്രമങ്ങള്‍ പാലിച്ചു നടത്തിയത്.
പ്രിസൈഡിങ് ഓഫിസര്‍മാര്‍ മുതല്‍ പോളിങ് ഓഫിസര്‍മാര്‍ വരെയുള്ളവരുടെ ചുമതലകള്‍ അധ്യാപകരും മുതിര്‍ന്ന വിദ്യാര്‍ഥികളും നിര്‍വഹിച്ചു.
സ്‌കൂള്‍ ലീഡര്‍, ക്ലാസ് പ്രതിനിധികള്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് നടപടികളുടെ തുടക്കം മുതല്‍ പൊതു തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരുമായി വിദ്യാര്‍ഥികള്‍ ആവേശപ്പെരുമഴ തീര്‍ക്കുകയായിരുന്നു.
കുട്ടികളെ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സ്‌കൂളിലെ
സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു നടപടികള്‍.
അസംബ്ലി പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലേതു പോലെ എല്ലാ നടപടിക്രമങ്ങളും പാലിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് പത്രികാ സമര്‍പ്പണം, സൂഷ്മ പരിശോധന, പത്രിക പിന്‍വലിക്കല്‍, പ്രചാരണം എന്നിങ്ങനെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയിട്ടാണ് അവസാനം തെരഞ്ഞെടുപ്പിലേക്കെത്തിയത്.
എട്ടു മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് വോട്ട് ചെയ്തത്. സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും രേഖപ്പെടുത്തിയ ബാലറ്റുകളിലൂടെ
നടന്ന തെരഞ്ഞെടുപ്പില്‍ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു.
സ്‌കൂള്‍ ലീഡറായി പത്താം ക്ലാസ് വിദ്യാര്‍ഥിയായ അശ്വനീദേവ് ഭൂരിപക്ഷം നേടി വിജയിച്ചു. അതുല്‍ സുരേഷ്, നന്ദു കൃഷ്ണ എന്നിവര്‍ യഥാക്രമം എട്ട്, ഒന്‍പത് ക്ലാസ്സുകളുടെ പ്രതിനിധികളായും തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലിമെന്റിന്റെ ആദ്യയോഗം 31ന് നടക്കും.
തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് ഹെഡ്മിസ്ട്രസ് കെ. അരുണാദേവി, അധ്യാപകരായ സിന്ധു പി.ബി, സിന്ധു കെ.പി, പി.സി ധന്യ എന്നിവര്‍ നേതൃത്വം നല്‍കി.