ചെങ്ങന്നൂര്‍ ▪️ ജന്മനാ മൂകനും ബധിരനുമായ ക്ഷേത്ര ജീവനക്കാരന്‍ ദക്ഷിണകള്‍ കൂട്ടിവെച്ച മണ്‍കുടുക്കയിലെ സമ്പാദ്യം വയനാടിനായി നല്‍കി.
കാരയ്ക്കാട് പട്ടങ്ങാട് ദേവി ക്ഷേത്ര ജീവനക്കാരന്‍ കരുണാ നിവാസിലെ ടി.കെ രാജേന്ദ്രനാണ് ഭക്തര്‍ പലപ്പോഴായി തനിക്ക് നല്‍കിയ ദക്ഷിണ നാണയത്തുട്ടുകള്‍ വയനാട്ടിലെ ദുരിതാശ്വാസത്തിനായി നല്‍കിത്.
നാണയത്തുട്ടുകള്‍ സ്വരുക്കൂട്ടിയ സമ്പാദ്യ കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി മുളക്കുഴ പഞ്ചായത്തിലെത്തി പ്രസിഡന്റ് കെ.കെ സദാനന്ദന് കൈമാറി.
ഇദ്ദേഹം ചെറുപ്പം മുതല്‍ തയ്യല്‍ ജോലി ചെയ്തു ജീവിച്ചു വരവേയാണ് അനാരോഗ്യത്തില്‍ വീടിനടുത്തുള്ള ക്ഷേത്രത്തിലെ ശ്രീകാര്യമായി പ്രവര്‍ത്തിച്ചുവരുന്നത്. ഭക്തര്‍ പലപ്പോഴായി ദക്ഷിണയായി നല്‍കുന്ന നാണയത്തുട്ടുകള്‍ മണ്‍കുടുക്കയില്‍ ഇട്ടുവച്ച ഏക സമ്പാദ്യമാണ് വയനാടിന് കൈത്താങ്ങായി നല്‍കിയത്.
തൊഴിലുറപ്പ് ജോലിക്ക് പോകുന്ന വിമലയാണ് ഭാര്യ. ഇവര്‍ക്ക് മക്കളില്ല. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും തങ്ങളാല്‍ കഴിയുന്ന സഹായം വയനാടിന് നല്‍കണമെന്നുള്ള ആഗ്രഹത്താല്‍ സമ്പാദ്യ കൂടുക്കയുമായി സാമൂഹ്യപ്രവര്‍ത്തകന്‍ മുരളി മോഹന്‍, കുടുംബശ്രീ പ്രവര്‍ത്തക ആര്‍. സുജാത എന്നിവരോടൊപ്പം പഞ്ചായത്തിലെത്തിയത്.
രാജേന്ദ്രനെയും ഭാര്യ വിമലയെയും പ്രസിഡന്റ് കെ.കെ സദാനന്ദന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി പ്രദീപ്, സെക്രട്ടറി ജയന്‍ ടി.വി എന്നിവര്‍ അനുമോദിച്ചു.