പാലക്കാട് ▪️ വ്യാജ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. പി. സരിനും ഭാര്യ ഡോ. സൗമ്യ സരിനും.
എവിടെ വോട്ട് ചെയ്യണമെന്ന് താനാണ് തീരുമാനിക്കുന്നതെന്ന് സരിന്‍ പറഞ്ഞു. താന്‍ എവിടേയ്ക്ക് പോകുന്നോ അവിടേയ്ക്ക് വോട്ടുകള്‍ മാറ്റുന്നതാണ് രീതി. പ്രതിപക്ഷ നേതാവ് ഇനിയും വേട്ടയാടല്‍ തുടര്‍ന്നാല്‍ നിയമപരമായി നേരിടുമെന്നും സരിന്‍ പറഞ്ഞു.
വോട്ട് ചേര്‍ക്കുന്നത് എങ്ങനെ ആണെന്ന് പറയാന്‍ അവസരം ഒരുക്കിയതിന് പ്രതിപക്ഷ നേതാവിനോട് നന്ദിയുണ്ടെന്നും സരിന്‍ പറഞ്ഞു.പ്രതിപക്ഷ നേതാവിനെ ഒരിക്കല്‍ കൂടി വെല്ലുവിളിക്കുകയാണ്.
തന്റെ സ്വന്തം വീട്ടില്‍ നിന്നാണ് വാര്‍ത്താ സമ്മേളനം നടത്തുന്നത്. 2017 താനും ഭാര്യയും ചേര്‍ന്നാണ് ഈ വീട് വാങ്ങുന്നത്. ഈ വീടിന്റെ പേരില്‍ വോട്ട് ചേര്‍ക്കാന്‍ അപേക്ഷിച്ചത് എങ്ങനെയാണ് വ്യാജമാകുന്നത്? അതില്‍ എന്താണ് അസ്വാഭാവികത?
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് ഒറ്റപ്പാലത്ത് നിന്നാണ്. തങ്ങളുടെ കൈവശം ഉള്ള വീട്ടില്‍ വോട്ട് ചേര്‍ക്കുന്നതില്‍ എന്താണ് തെറ്റെന്നും അതിന് മറുപടി പറയേണ്ടത് വി.ഡി സതീശനാണെന്നും സരിന്‍ പറഞ്ഞു.
അസത്യ പ്രചരണം നടക്കുന്നുവെന്ന് നിയമസഹായ സമിതി പത്ര സമ്മേളനത്തില്‍ സംസാരിക്കേണ്ടി വരും എന്ന് കരുതിയതല്ലെന്നും ഉപ തിരഞ്ഞെടുപ്പില്‍ തുടക്കം മുതല്‍ തന്റെ പേര് വലിച്ചിഴച്ചുവെന്നും സൗമ്യയും പറഞ്ഞു.
താന്‍ നിലവില്‍ ഷാര്‍ജയില്‍ ഡോക്ടര്‍ ആയി ജോലി ചെയ്യുകയാണ്. തന്റെ വഴി രാഷ്ട്രീയമല്ല. സരിന് വോട്ട് ചോദിച്ച് ഒരു പോസ്റ്റ് പോലും താന്‍ പങ്കുവെച്ചിട്ടില്ല. തനിക്ക് നേരെ സൈബര്‍ അറ്റാക്ക് നടന്നു. ഇപ്പോള്‍ നാട്ടിലേക്ക് വരേണ്ടി വന്നത് തന്റെ പേര് വലിച്ചിഴച്ചതുകൊണ്ടാണെന്നും സൗമ്യ പറഞ്ഞു.
പ്രതിപക്ഷ നേതാവ് അടക്കം വ്യാജ വോട്ട് എന്ന് പറഞ്ഞ് കള്ളിയാക്കാന്‍ ശ്രമിച്ചുവെന്നും സൗമ്യ പറഞ്ഞു. കുടുംബാംഗങ്ങളെ മോശമായി പറയുന്നത് ശരിയല്ല. താന്‍ വ്യാജ വോട്ടറല്ല. വ്യാജ വോട്ടര്‍ എന്ന് കേട്ട് മിണ്ടാതിരിക്കേണ്ട കാര്യമില്ല.
2024ല്‍ പാലക്കാട് ഉപ തിരഞ്ഞെടുപ്പില്‍ ഭര്‍ത്താവ് മത്സരിക്കും എന്ന് ചിന്തിച്ചിട്ടല്ല 2017ല്‍ വീട് വാങ്ങിയത്. വീട് തന്റെ മാത്രം പേരിലാണ്. ഈ വീടിന്റെ അഡ്രസിലാണ് തിരിച്ചറിയല്‍ രേഖ ലഭിച്ചതെന്നും സൗമ്യ വിശദീകരിച്ചു.