
തിരുവനന്തപുരം ▪️സജി ചെറിയാന്‍ നാളെ (4) മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കി. വൈകിട്ട് നാല് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ.
സജി ചെറിയാനെ മന്ത്രിയാക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച ശേഷമാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്.
സത്യപ്രതിജ്ഞയെ കുറിച്ച് തനിക്ക് ഇതുവരെ അറിയിപ്പ് ഒന്നും തന്നെ കിട്ടയിട്ടില്ലെന്നും അറിയിപ്പ് കിട്ടിയാല്‍ സത്യപ്രതിജ്ഞയ്ക്കായി പോകുമെന്നും സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ ഭരണഘടനാ വിരുദ്ധമായി ഒന്നു തന്നെ പറഞ്ഞിട്ടില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് എംഎല്‍എയായി തുടരുന്നതിന് തടസ്സമില്ലെന്നും പറഞ്ഞിട്ടുണ്ട്. എംഎല്‍എ ആയാല്‍ പിന്നെ മന്ത്രിയാകുന്നതിന് എന്താണ് തടസമെന്നും സജി ചെറിയാന്‍ ചോദിച്ചു.
ഗവര്‍ണര്‍ സത്യപ്രതിജ്ഞ വൈകിക്കുന്നതിനെതിരെ പലകോണുകളില്‍നിന്നും രൂക്ഷമായ വിമര്‍ശനം വന്നിരുന്നു.
സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെയെടുക്കാന്‍ ഗവര്‍ണര്‍ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്ന് എം.വി ഗോവിന്ദന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നിയമത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ അലോസരപ്പെടുത്തുകയാണ് ഗവര്‍ണര്‍ കുറച്ച് കാലമായി ചെയ്യുന്നത്. അതിന്റെ തുടര്‍ച്ചയാണ് സജി ചെറിയാന്‍ വിഷയത്തിലും നടക്കുന്നത്. നിയമവ്യവസ്ഥ തുടരുന്ന നാട്ടില്‍ ഗവര്‍ണര്‍ക്ക് ഇതേ നിലപാട് തുടരാനാകില്ല. ഭരണഘടനയെ വിമര്‍ശിക്കുന്നത് കുറ്റകരമല്ലെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.