ചെങ്ങന്നൂര്‍ ▪️ ശബരിമല മണ്ഡലമകരവിളക്ക് കാലത്തെ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു.
റെയില്‍വേ സ്‌റ്റേഷന്‍, കെഎസ്ആര്‍ടിസി, വണ്ടിമല ദേവസ്ഥാനം, മഹാദേവ ക്ഷേത്രപരിസരം എന്നി സ്ഥലങ്ങളില്‍ കുടിവെള്ള വിതരണത്തിനായി അഞ്ചു ടാപ്പുകള്‍ വീതം സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.
കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ആവശ്യമായ ടാങ്കര്‍ ലോറികള്‍ സജ്ജമാക്കണം. പ്രാദേശിക റോഡില്‍ അപകടകരമായി നില്‍ക്കുന്ന മരച്ചില്ലകള്‍ കണ്ടെത്തി അഗ്‌നിശമന സേനയെ അറിയിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം.
റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുള്ള റോഡില്‍ വഴിയോര കച്ചവടങ്ങള്‍ നിയന്ത്രിക്കാനും തീരുമാനിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചെലവ് കൈകാര്യം ചെയ്യുന്നതിനായി പകുതി തുക കണ്ടെത്താന്‍ ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കി.
മുന്‍ കാലങ്ങളിലെ പോലെ കെഎസ്ആര്‍ടിസി കൂടുതല്‍ പമ്പ സര്‍വ്വീസുകള്‍ നടത്തും. മണ്ഡലപൂജയ്ക്ക് 50 ബസുകളും മകരവിളക്കിന് 20 ബസുകളും അധികമായി സജ്ജീകരിക്കും.
ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ നിലവില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ക്ക് പുറമെ അധികമായി ക്യാമറകള്‍ സ്ഥാപിക്കണം. ക്ഷേത്രകുളത്തില്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കണം. ഇതിനായി സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ക്ഷേത്ര പരിസരം ശുചീകരിക്കാനും ചെങ്ങന്നൂര്‍ ദേവസ്വം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
നിലവിലുള്ള ആംബുലന്‍സ് കൂടാതെ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആംബുലന്‍സ് കൂടി പ്രവര്‍ത്തന സജ്ജമാക്കണം. തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം ഉറപ്പ് വരുത്തുന്നതിനായി ശബരിമല ഇടത്താവളം, ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം എയ്ഡ് പോസ്റ്റ്, റെയില്‍വേ സ്‌റ്റേഷന്‍ പരിസരം എന്നീ കേന്ദ്രങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കണം.
ആറു കിടക്കകളോട് കൂടിയ വാര്‍ഡ് ജില്ല ആശുപത്രിയില്‍ സജ്ജമാക്കും. പാണ്ടനാട് എച്ച്.എസിന്റെ നേതൃത്വത്തില്‍ ശുചിത്വ പരിശോധനകള്‍ നടത്തണം. ആലപ്പുഴ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുമായി ചേര്‍ന്ന് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, സ്‌പ്രേയിങ് ഫോഗിങ് എന്നിവ നടത്തണം.
തീര്‍ത്ഥാടന കാലത്ത് ആവശ്യമായ മരുന്നുകള്‍, ബ്ലീച്ചിംഗ് പൗഡര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ സ്‌റ്റോക്ക് ഉറപ്പ് വരുത്തണം. ആരോഗ്യ ബോധവല്‍ക്കരണം നടത്തുന്നതിലേക്കായി വിവിധ ഭാഷകളില്‍ സന്ദേശം ഉള്‍കൊള്ളുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
റെയില്‍വേ സ്‌റ്റേഷന്‍ പരിസരം സമയബന്ധിതമായി വൃത്തിയാക്കണം. ശൗചാലയങ്ങള്‍ എല്ലാം പ്രവര്‍ത്തനസജ്ജമാക്കണം. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരച്ചില്ലകള്‍ അടിയന്തിരമായി മുറിച്ച് മാറ്റണം.
റിസര്‍വേഷന്‍ കൗണ്ടര്‍ പഴയ സഥലത്ത് പുനഃസ്ഥാപിക്കണം. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് സ്ഥാപിക്കുന്ന എയ്ഡ് പോസ്റ്റുകള്‍ക്ക് ആവശ്യമായ സ്ഥല സൗകര്യം. വൈദ്യുതി എന്നിവ റെയില്‍വേ ഉറപ്പുവരുത്തണമെന്ന്് യോഗം നിര്‍ദ്ദേശം നല്‍കി.
മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങളുടെ റേറ്റ് ചാര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കണം.
ആറാട്ടുകടവില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ചെളി നീക്കം ചെയ്യേണ്ടതാണ്. ആറാട്ടുകടവില്‍ സംരക്ഷണ വേലി ഒരുക്കേണ്ടതും വിവിധ ഭാഷകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും മേജര്‍ ഇറിഗേഷനെ ചുമതലപ്പെടുത്തി.
മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡില്‍ പ്രകാശതീവ്രതയുള്ള ബള്‍ബുകള്‍ സ്ഥാപിക്കണം. ഒടിഞ്ഞ പോസ്റ്റുകള്‍ നീക്കം ചെയ്യണം. പുത്തന്‍കാവ് പാലത്തിന് സമീപം ഉപയോഗശൂന്യമായി കിടക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ അടിയന്തിരമായി നീക്കം ചെയ്യണം. തടസ്സമില്ലാതെ വൈദ്യുത ലഭ്യത ഉറപ്പ് വരുത്തേണ്ടതാണ് .
ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിലേക്കായി ഹോട്ടലുകള്‍, ബേക്കറികള്‍ മുതലായ സ്ഥാപനങ്ങളില്‍ ഇടവിട്ട വേളകളില്‍ പരിശോധന നടത്താന്‍ ഫുഡ് സേഫ്റ്റി വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.
പിഡബ്ലിയുഡി റോഡില്‍ അപകടകരമായി നില്‍ക്കുന്ന മരച്ചില്ലകള്‍ കണ്ടെത്തി അഗ്‌നിശമന സേനയ്ക്ക് കൈമാറണമെന്ന് പിഡബ്ലിയുഡി നിരത്ത് ഉപവിഭാഗത്തോട് നിര്‍ദ്ദേശിച്ചു.
ഭക്ഷണ സാധനങ്ങളുടെ റേറ്റ് ചാര്‍ട്ട് തയ്യാറാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക. വിലനിലവാരം പാലിക്കുന്നുണ്ടായെന്ന് ഉറപ്പ് വരുത്തുന്നതിലേക്കായി ഹോട്ടല്‍, ബേക്കറി മറ്റ് കച്ചവട സ്ഥാപങ്ങള്‍ എന്നിവിടങ്ങളില്‍ ഇടവിട്ട വേളകളില്‍ പരിശോധന നടത്തുക തുടങ്ങിയവ സിവില്‍ സപ്ലൈസ് വകുപ്പ് നിര്‍വഹിക്കണം.
അപകടകരമായി നില്‍ക്കുന്ന മരച്ചില്ലകള്‍ അടിയന്തിരമായി മുറിച്ച് മാറ്റുക, ആറാട്ടുകാവില്‍ മതിയായ സുരക്ഷാ സംവിധാനവും ബോര്‍ഡുകളും സ്ഥാപിക്കുക. ആറാട്ടുകടവില്‍ മതിയായ സ്‌കൂബാ ഡൈവര്‍മാരേയും, സേനാഗങ്ങളേയും വിന്യസിക്കാന്‍ ള് അഗ്‌നിശമന സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി.
ഹോട്ടലുകള്‍, ബേക്കറികള്‍, താല്‍ക്കാലിക കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി, ആരോഗ്യ വകുപ്പ്, സിവില്‍ സപ്ലൈസ്, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായി പരിശോധന നടത്തുന്നതിനായി സ്‌ക്വാഡ് രൂപീകരിക്കും.
ചെങ്ങന്നൂര്‍ സൈനീക റസ്റ്റ് ഹൗസിലെ ശൗചാലയങ്ങള്‍ സൗജന്യമായി അയ്യപ്പഭക്തന്മാര്‍ക്ക് ഉപയോഗിക്കുന്നതിലേക്കായി ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കും.
മണ്ഡലകാലം പ്രമാണിച്ച് നിസാമുദീന്‍ എക്‌സ്പ്രസിന് ചെങ്ങന്നൂരില്‍ സ്‌റ്റോപ്പ് അനുവദിക്കുന്നതിന് റെയില്‍വേക്ക് കത്ത് നല്‍കുക, റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ച് മാറ്റുന്നതിന് റെയില്‍വേ അധികാരികള്‍ക്ക് കത്ത് നല്‍കുക തുടങ്ങിയ നടപടികള്‍ക്ക് ആര്‍ഡിഒ യെ ചുമതലപ്പെടുത്തി.
ആവശ്യമായ മുന്‍ കരുതലുകള്‍ എല്ലാ വകുപ്പുകളും ഏകോപനത്തോടെ നിര്‍വഹിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടു. സമയ ബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗം ജി. സുന്ദരേശന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ വര്‍ഗീസ്, ചെങ്ങന്നൂര്‍ ആര്‍ഡിഒ ജെ. മോബി എന്നിവര്‍ സംസാരിച്ചു.
വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും പങ്കെടുത്തു.