തിരുവനന്തപുരം ▪️ മേയറെ അധിക്ഷേപിച്ചെന്നാരോപണമുയര്‍ന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ആരോപണം ഉന്നയിച്ച് നടി റോഷ്‌ന ആന്‍ റോയ്.
തൃശൂര്‍ കുന്നംകുളം ഭാഗത്ത് വെച്ച് യദു തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നും അന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഇടപെട്ടാണ് യദുവിനെ പറഞ്ഞയച്ചതെന്നുമാണ് നടി റോഷ്‌ന പറഞ്ഞത്.
നടുറോഡില്‍ വണ്ടി നിര്‍ത്തി യദു മോശമായി സംസാരിച്ചെന്നും ഒരു സ്ത്രീയെന്ന പരിഗണന പോലും യദുവിന്റെ സംസാരത്തിലുണ്ടായിരുന്നില്ലെന്നും റോഷ്‌ന പറഞ്ഞു.
വിഷയം ചര്‍ച്ചയാകുമ്പോഴാണ് ഈ ഫോട്ടോയിലുള്ള വ്യക്തിയെ ശ്രദ്ധിക്കുന്നത്. മലപ്പുറത്തുനിന്ന് എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകുകയായിരുന്നു ഞാനും എന്റെ സഹോദരനും.
കുന്നംകുളം റൂട്ടില്‍ അറ്റകുറ്റപ്പണികളില്‍ ആയിരുന്നതിനു കൊണ്ട് ഒരു വണ്ടിക്ക് പോകാനുള്ള വഴിയേ ഉണ്ടായിരുന്നുള്ളൂ. പല വാഹനങ്ങളെയും മറികടന്ന് എത്തിയ യദു ഡ്രൈവറായ കെഎസ്ആര്‍ടിസി ഞങ്ങളുടെ വാഹനത്തിന് പിറകില്‍ നിന്നും തുടര്‍ച്ചയായി ഹോണ്‍ മുഴക്കി.
പതുക്കെ പോകുക എന്ന മുന്നറിയിപ്പ് എല്ലാമുണ്ടായിട്ടും അമിത വേഗതയില്‍ വന്നാണ് ഹോണ്‍ മുഴക്കിയത്. അപ്പോള്‍ ഞങ്ങള്‍ തിരിച്ചും ഹോണ്‍ മുഴക്കി. അതില്‍ പ്രകോപിതനായ െ്രെഡവര്‍ ഇറങ്ങിവന്ന് എന്നെ ചീത്തവിളിച്ചു. സ്ത്രീയാണെന്ന പരിഗണന പോലും തന്നില്ല.
പിന്നീട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ റോഡില്‍ വെച്ച് കണ്ടപ്പോള്‍ അവരോട് പരാതി പറഞ്ഞു. അപ്പോഴേക്കും ബസും അവിടെ വന്നു. അത്രയും ചീത്ത വിളിച്ചിട്ടും അയാള്‍ എംവിഡിക്കടുത്ത് ബസ് നിര്‍ത്തി. പൊലീസ് താക്കീത് നല്‍കിയാണ് അന്ന് യദുവിനെ വിട്ടതെന്നും നടി ആവര്‍ത്തിച്ചു.
യദുവില്‍ നിന്ന് മോശം അനുഭവം നേരിട്ടതിന്റെ അമര്‍ഷം തനിക്കിപ്പോഴുമുണ്ട്. മേയറോട് പോലും അയാള്‍ ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ സാധാരണക്കാരിയായ തന്നോട് ഇങ്ങനെ സംസാരിച്ചതില്‍ അത്ഭുതമില്ലെന്നും റോഷ്‌ന കൂട്ടിച്ചേര്‍ത്തു.