തിരുവനന്തപുരം ▪️ ഏകസിവില്‍ കോഡ് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും.
ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. പ്രമയത്തെ സഭ ഐകകണ്‌ഠേന പാസാക്കും.
ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ നിരവധി പാര്‍ട്ടികള്‍ രംഗത്തെത്തിയയിരുന്നു. സംസ്ഥാനത്ത് സിപിഐഎം സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഐയും ഏകസിവില്‍ കോഡിനെ എതിര്‍ത്തിരുന്നു.
പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്നലെയാണ് തുടങ്ങിയത്. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി രാഷ്ട്രീയ വിവാദ വിഷയങ്ങളാണ് പരിഗണിക്കുന്നത്.
അതേസമയം വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ഓര്‍ഡിനന്‍സിന് പകരമുള്ള ഭേദതഗതി ബില്ലും ഇന്ന് നിയമസഭ പരിഗണിക്കും. ഡോ വന്ദനദാസ് കൊലപാതകത്തെ തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.