എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയെ പരിഗണിയ്ക്കുന്നതായി സൂചന.
വ്യത്യസ്ത ഘട്ടങ്ങളിലായ് 20ല്‍ അധികം സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിട്ടുള്ള നേതാവാണ് ചെന്നിത്തല. പരിചയ സമ്പന്നരരുടെ പട്ടികയില്‍ ആണ് രമേശ് ചെന്നിത്തലയെയും എ.ഐ.സി.സി ഭാരവാഹിയായി പരിഗണിയ്ക്കുന്നത്.
നിലവില്‍ ഗുജറാത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമിതി ചുമതലയാണ് രമേശ് ചെന്നിത്തല വഹിയ്ക്കുന്നത്.
ഹിന്ദി ഭാഷയിലെ പ്രാവീണ്യം ദേശീയ രാഷ്ട്രീയത്തില്‍ ചെന്നിത്തലയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം.
1980-85 കാലഘട്ടത്തില്‍ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, എന്‍.എസ്.യു.ഐ ദേശീയ പ്രസിഡന്റ്, ബാലജന സഖ്യം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ചെന്നിത്തല 1982ല്‍ ഹരിപ്പാട് മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
1985ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1986ല്‍ മുപ്പതാം വയസില്‍ കെ. കരുണാകരന്‍ മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായി സ്ഥാനമേറ്റു. 1991ലും, 1996ലും, വീണ്ടും കോട്ടയത്ത് നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1997ല്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായി നിയമിതനായി. 1999ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
2016ല്‍ പതിനാലാം കേരള നിയമസഭയില്‍ യു.ഡി.എഫിന്റെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്തു.
എന്നാല്‍ 2021ലെ പതിനഞ്ചാം കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ പരാജയത്തെ തുടര്‍ന്നാണ് രമേശ് ചെന്നിത്തലക്ക് പകരം വി.ഡി. സതീശന്‍ യു.ഡി.എഫിന്റെ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റത്.