ചെങ്ങന്നൂര്‍ ▪️ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കേണ്ട അക്കൗണ്ട് നമ്പര്‍ ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. പണം അയക്കാന്‍ എത്തിയവര്‍ നട്ടം തിരിഞ്ഞത് മണിക്കൂറുകള്‍.
ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാന്‍ ചെങ്ങന്നൂര്‍ സബ് ട്രഷറിയില്‍ എത്തിയ ഒരു സംഘടനയുടെ പ്രവര്‍ത്തകരാണ് കെടുകാര്യസ്ഥതയുടെ ആള്‍രൂപമായ ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ മണിക്കൂറുകള്‍ കാത്തുനിന്നത്.
വയനാടിന്റെ ദുരിതത്തില്‍ കൈത്താങ്ങാകാന്‍ തങ്ങളാലാകുന്ന വിധത്തില്‍ സ്വരൂപിച്ച തുക സര്‍ക്കാര്‍ ട്രഷറിയില്‍ ത്‌ന്നെ അടയ്ക്കുന്നതിനുള്ള തീരുമാനത്തിലാണ് ഇവിടെ എത്തിയത്.
എന്നാല്‍ സര്‍ക്കാരിന്റെ ട്രഷറിയില്‍ അക്കൗണ്ട് നമ്പര്‍ പ്രദര്‍ശിപ്പിക്കാതിരുന്നതോടെ അക്കൗണ്ട് നമ്പര്‍ ചോദിച്ചപ്പോഴാണ് അവര്‍ക്കെന്നും അറിയില്ലെന്ന് പറഞ്ഞത്.
പൊതുജനങ്ങളുടെ അറിവിലേക്കായി എല്ലാ ബാങ്കുകളിലേയും അക്കൗണ്ട് നമ്പരുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടും ട്രഷറി അക്കൗണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലെന്നത് ഏറെ വിചിത്രമാണ്.
മണിക്കൂറുകള്‍ കാത്തുനിന്ന് മറ്റെവിടെ നിന്നോ അക്കൗണ്ട് നമ്പര്‍ ചോദിച്ചറിഞ്ഞ ശേഷമാണ് ട്രഷറി ഉദ്യോഗസ്ഥന്‍ പണം സ്വീകരിച്ചത്. ട്രഷറി ഓഫീസറോട് സംസാരിച്ചപ്പോഴും മോശമായ സമീപനമുണ്ടായതെന്ന് പറയുന്നു.
ചില സര്‍ക്കാര്‍ ജീവനക്കാരുടെ അലംഭാവവും ധാര്‍ഷ്ട്യവും ദുരിതാശ്വാസ നിധി സ്വീകരിക്കുന്നതിലും കാണിക്കുന്നതിനെതിരെ പ്രതിഷേധവും ശക്തമാണ്.
അതേസമയം കോവിഡ് സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പ്രത്യേക അക്കൗണ്ട് ഉണ്ടായിരുന്നതു പോലെ വയനാട് ദുരിതാശ്വാസത്തിനും അക്കൗണ്ട് ഉണ്ടോ എന്ന് സംശയം ഉണ്ടായതാണ് പണം അടയ്ക്കുന്നതില്‍ കാലതാമസം വന്നതെന്ന് ട്രഷറി ഓഫീസര്‍ ഉദയകുമാര്‍ പറഞ്ഞു.
ഇന്‍സ്‌പെക്ഷന് എത്തിയ ഡപ്യൂട്ടി ഡയറക്ടര്‍ ആണ് അക്കൗണ്ട് നമ്പര്‍ എടുത്ത് പണം അടയ്ക്കാന്‍ വന്നവര്‍ക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.