ന്യൂഡല്‍ഹി ▪️ രാഹുല്‍ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയര്‍ത്തികാട്ടി ഇംഗ്ലീഷിലാണ് രാഹുല്‍ സത്യവാചകം ചൊല്ലിയത്.
ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷവും രംഗത്തെത്തി.
രാഹുല്‍ ഗാന്ധിയുടെ സത്യപ്രതിജ്ഞ കാണാന്‍ സോണിയ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലെത്തിയിരുന്നു. 33ാമത് ആയാണ് രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്.
ഇതിനിടെ ഓം ബിര്‍ളയെ സ്പീക്കര്‍ പദവിയിലേക്ക് പിന്തുണയ്ക്കണമെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി തങ്ങള്‍ക്ക് വേണമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുള്ളതായി രാഹുല്‍ ഗാന്ധി പറഞ്ഞു.
സ്പീക്കര്‍ പദവിയിലേക്ക് പിന്തുണയ്ക്കണമെന്ന് രാജ്‌നാഥ് സിങ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണമെന്ന നിലപാടില്‍ ഖാര്‍ഗെ ഉറച്ചുനിന്നു. ഇതോടെ തിരികെ വിളിക്കാമെന്ന് പറഞ്ഞ രാജ്‌നാഥ് സിങ് ഇതുവരെ ഖാര്‍ഗയുമായി ബന്ധപ്പെട്ടിട്ടില്ല.
വിഷയത്തില്‍ പ്രതിപക്ഷത്തോട് ക്രിയാത്മക സഹകരണം സ്വീകരിക്കാന്‍ ആവശ്യപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ഖാര്‍ഗെയെ അപമാനിക്കുകയാണ്. ഇവരുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ലെന്നും ക്രിയാത്മകമായ ഒരു സഹകരണവും മോദി ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.