
ചെങ്ങന്നൂര്‍ ▪️ വാര്‍ത്ത വഴിതെളിച്ചതോടെ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ച വൈദ്യുതി മീറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കി വഴിവിളക്ക് മിഴി തുറന്നു.
പുത്തന്‍കാവ്-പിരളശേരി റോഡിലെ അസെന്‍ഷന്‍ ഹോമിന്റെ സമീപത്തായുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി മീറ്ററാണ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്.
ഇതോടെ ദിവസങ്ങളായി രാത്രികാലങ്ങളില്‍ തെരുവ് വെളിച്ചം ഇല്ലാതായി.
വാര്‍ത്താ ഓണ്‍ലൈന്‍ ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ഇടപെടല്‍ നടത്തുകയും ചെയ്തതോടെ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ നിര്‍ദ്ദേശ പ്രകാരം വൈദ്യുതി വകുപ്പ് ജീവനക്കാര്‍ എത്തി വഴിവിളക്ക് പ്രകാശിപ്പിച്ചു.
സമൂഹിക വിരുദ്ധര്‍ അഴിഞ്ഞാട്ടം നടത്തുന്നതിനായിട്ടാണ് വൈദ്യുതി മീറ്റര്‍ നശിപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
മുന്‍പ് ഇതേ പോലെ മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് പുത്തന്‍കാവ്-ചെങ്ങന്നൂര്‍ റോഡിലെ തോട്ടക്കുഴി ട്രാന്‍സ്‌ഫോര്‍മറിലെ വൈദ്യുതി മീറ്ററും നശിപ്പിച്ചിരുന്നു.
ഇതേ തുടര്‍ന്ന് നാല് ദിവസത്തോളം തെരുവ് വിളക്കുകള്‍ കത്താതിരുന്നതോടെ റോഡുകള്‍ അന്ധകാരമായിരുന്നു. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്നാണ് പരിഹാരമായത്.
പുത്തന്‍കാവ് കേന്ദ്രീകരിച്ച് മദ്യമയക്കുമരുന്ന് കച്ചവടം വ്യാപകമാകുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ തെരുവ് വിളക്കുകളുടെ മീറ്ററുകള്‍ വ്യാപകമായി നശിപ്പിക്കുന്നത് നാട്ടുകാരില്‍ ആശങ്ക ഉണ്ടാക്കുന്നു.