ചെങ്ങന്നൂര്‍ ▪️ ജില്ല ആശുപത്രിയില്‍ പുതിയതായി ചുമതലയെടുത്ത ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയും ഉദ്യോഗസ്ഥരുടെയും സമീപനത്തിനെതിരെ ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധ സമരം നടത്തി.
നിശ്ചയിക്കപ്പെട്ട ജോലികള്‍ക്ക് പുറമെ ആശുപത്രിയിലെ അധിക ജോലികള്‍ ചുമത്തുന്നതായും, വാര്‍ഡുകളിലെ സന്ദര്‍ശനം കഴിഞ്ഞെത്തുന്ന ആശാ പ്രവര്‍ത്തകരെ ആശുപത്രിയില്‍ വളരെ വൈകി നിര്‍ബന്ധിച്ചിരുത്തുന്നതായും പരാതി ഉണ്ട്.
ഓണറേറിയം വെട്ടിക്കുറക്കുകയും, സബ് സെന്റര്‍ ഡ്യൂട്ടി അലവന്‍സ് തടഞ്ഞുവയ്ക്കുകയും ചെയ്യുന്നു. സെന്ററില്‍ പ്രവര്‍ത്തകര്‍ക്ക് വിശ്രമമുറി അനുവദിച്ചിട്ടില്ല. വേഷം സംബന്ധിച്ച് പരസ്യമായി അധിക്ഷേപിക്കുന്നതിലും പ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ചു.
യൂണിയന്‍ ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്‍പില്‍ നടന്ന പ്രതിഷേധ ധര്‍ണ സിഐടിയു ഏരിയാ സെക്രട്ടറി എം.കെ മനോജ് ഉദ്ഘാടനം ചെയ്തു.
നഗരസഭാ കൗണ്‍സിലര്‍ വി. വിജി അധ്യക്ഷയായി. യോഗത്തില്‍ പി.ഡി സുനീഷ് കുമാര്‍, മനു എം. തോമസ്, പ്രസന്ന സജി, സി. സുരേഖ, രമണി വിഷ്ണു, ശോഭ ശിവന്‍ എന്നിവര്‍ സംസാരിച്ചു.