ചെങ്ങന്നൂര്‍: ജില്ലാ ആശുപത്രിയിലെ നഴ്‌സിനെതിരെ ആര്‍എംഒ കള്ളപരാതി നല്‍കി എന്നാരോപിച്ച് നഴ്‌സുമാര്‍ പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ ആശുപത്രിയിലെ നഴ്‌സായ ബിമലിനെതിരെ ആര്‍എംഒ ഡോ.ജിതേഷ് കെ.പിള്ള നല്‍കിയ കള്ളപരാതിയില്‍ സൂപ്രണ്ട് മെമ്മോ നല്‍കിയതിനെതിരെയാണ് കേരള ഗവ. നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
കഴിഞ്ഞ ഒക്ടോബര്‍ 10ന് ഡോ. ജിതേഷ് കാഷ്വാലിറ്റിയില്‍ വന്നപ്പോള്‍ നഴ്‌സായ ബിമലിനെ കണ്ടില്ല എന്ന പേരില്‍ മാനസികമായി പീഡിപ്പിക്കുകയും നടപടിയെടുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ ബിമല്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുകയും ചെയ്തു.
ബിമല്‍ മരുന്ന് എടുക്കുന്നതിനായി സ്‌റ്റോറില്‍ പോയതാണെന്ന് പറഞ്ഞിട്ടും അകാരണമായി ശകാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയുമായിരുന്നു എന്ന് ബിമല്‍ പറഞ്ഞു.
എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഇതേ കുറിച്ച് സൂപ്രണ്ട് അന്വേഷിക്കുകയോ നടപടിയെടുക്കുകയോ ചെയ്തില്ല.
അതേസമയം ആശുപത്രിയില്‍ നിന്നും മരുന്നുകള്‍ കാണാനില്ലെന്നും അത് എടുത്തത് ബിമല്‍ ആണെന്ന് സംശയിക്കുന്നതായും കാണിച്ച് കഴിഞ്ഞ ദിവസം ഡോ. ജിതേഷ് സൂപ്രണ്ടിന് പരാതി നല്‍കി. ഇതിന്‍മേല്‍ അടിയന്തിരമായി ബിമലിന് മെമ്മോ നല്‍കുകയും ചെയ്തു.
ഒരു മാസം മുന്‍പ് നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്ത സൂപ്രണ്ട് കഴിഞ്ഞ ദിവസം നല്‍കിയ കള്ളപരാതിയില്‍ മെമ്മോ നല്‍കിയത് ഡോക്ടറെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് പറയുന്നു.
ഡോ. ജിതേഷിന്റെ സുഹൃത്തായ മറ്റൊരു ഡോക്ടര്‍ കോവിഡ് കാലത്ത് പിപിഇ കിറ്റ് ഉണ്ടായിട്ടും കിറ്റ് ഇല്ലെന്ന് പറഞ്ഞ് രോഗികളെ പരിശോധിക്കാതിരുന്നതിനെതിരെ ബിമല്‍ പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടന്ന പരിശോധനയില്‍ ആശുപത്രിയില്‍ ആവശ്യത്തിന് പിപിഇ കിറ്റ് ഉണ്ടെന്ന് തെളിയുകയും ചെയ്തു.
ഇതിന്റ വൈരാഗ്യത്തെ തുടര്‍ന്നാണ് സുഹൃത്തായ ഡോ. ജിതേഷ് കള്ളപരാതിയുമായി ഇപ്പോള്‍ രംഗത്ത് വന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. നഴ്‌സുമാരെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് ഡോക്ടറുടെ ഭാഗത്ത് നിന്നും നിരന്തരമായി ഉണ്ടാകുന്നതെന്നും ആക്ഷേമുണ്ട്.
പ്രതിഷേധ സമരത്തിന് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലെവിന്‍ കെ.ഷാജി, ഏരിയാ സെക്രട്ടറി സൈറമോള്‍, യൂണിറ്റ് സെക്രട്ടറി അംബിക എന്നിവര്‍ നേതൃത്വം നല്‍കി.
അതേ സമയം പരാതിയിന്‍മേല്‍ അന്വേഷിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നതാണ് കാരണമെന്നും അടുത്ത ആഴ്ച അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് ഡോ. അനിതാ കുമാരി പറഞ്ഞു.