
ന്യൂഡല്‍ഹി▪️ തെരഞ്ഞെടുപ്പുകളില്‍ ബൂത്ത് തിരിച്ചുള്ള പോളിങ് വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്ന ആവശ്യം പരിഗണിക്കാന്‍ തയാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇ.സി.ഐ) സുപ്രീംകോടതിയില്‍.
2019ല്‍ ടി.എം.സി എം.പി മഹുവ മൊയ്ത്ര, എന്‍.ജി.ഒ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നിവര്‍ സമര്‍പ്പിച്ച രണ്ട് പൊതുതാല്‍പര്യ ഹരജികളില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി.
കമ്മീഷന്‍ നിലപാട് അറിയിച്ചതിനനുസരിച്ച് 10 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പാനലിന് മുന്നില്‍ പരാതി നല്‍കാന്‍ ഹരജിക്കാരോട് കോടതി ആവശ്യപ്പെട്ടു. ജൂലൈ 28ന് വീണ്ടും ഹരജി പരിഗണിക്കും.
ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ വോട്ടെടുപ്പ് അവസാനിച്ച് 48 മണിക്കൂറിനുള്ളില്‍ പോളിങ് സ്‌റ്റേഷന്‍ തിരിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്ന് പോള്‍ പാനലിനോട് നിര്‍ദേശിക്കണമെന്നാണ് ഹരജികളിലെ ആവശ്യം. കഴിഞ്ഞ വര്‍ഷം മേയ് 17ന്, ഇതേ ഹരജികളില്‍ തെരഞ്ഞെടുപ്പ് പാനലില്‍നിന്ന് കോടതി പ്രതികരണം തേടിയിരുന്നു.
എന്നാല്‍, പൊതുതെരഞ്ഞെടുപ്പ് പ്രക്രിയയെ ദുര്‍ബലപ്പെടുത്തുമെന്നും പോളിങ് സംവിധാനത്തില്‍ കുഴപ്പത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാണിച്ച് ഇ.സി.ഐ എതിര്‍പ്പ് അറിയിക്കുകയായിരുന്നു.
പുതുതായി ചുമതലയേറ്റ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ വിഷയത്തില്‍ ഹരജിക്കാരുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് പാനലിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിങ് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന്, ഇതനുസരിച്ച് ഹരജിക്കാര്‍ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമീഷന് 10 ദിവസത്തിനുള്ളില്‍ നിവേദനം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിര്‍ദേശിച്ചു.