
തിരുവനന്തപുരം▪️ കേരളത്തിലെ വ്യവസായ മേഖലയിലെ വളര്‍ച്ചയെ പ്രകീര്‍ത്തിച്ച ശശി തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തിലെ പുരോഗതിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ ഒരു ലേഖനത്തിലൂടെ അനുമോദിക്കുകയാണ് ചെയ്തത്. രണ്ട് കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്.
സംസ്ഥാനത്തിന്റെ പുതു പുരോഗതി, കേരളം സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ലോകത്ത് തന്നെ മുന്നില്‍, നിക്ഷേപ സൗഹൃദത്തില്‍ കേരളം മുന്നിലെത്തി എന്നും തരൂര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അഭിനന്ദനം എന്ത് പുകിലാണ് കോണ്‍ഗ്രസിലുണ്ടാക്കിയതെന്നും കോണ്‍ഗ്രസ് വസ്തുത മറയ്ച്ചു പിടിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസുകാര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ പൊളിഞ്ഞു പോവുകയാണുണ്ടായത് എന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന നിലപാട് സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവിന് എങ്ങനെയാണ് കഴിയുന്നത്.
നാടിന്റെ മേന്‍മ അംഗീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. നാടിനെ ശത്രുതയോടെ കാണുകയാണ്. നിങ്ങള്‍ എല്‍ഡിഎഫിനെ ശത്രുതയോടെ കണ്ടോളൂ, പക്ഷേ നാടിനെ ശത്രുതയോടെ കാണുന്നതെന്തിനാണ് എന്ന് മുഖ്യമന്ത്രി ചോദിച്ചു.
നാടിന്റെ മുന്നേറ്റത്തില്‍ ഒപ്പം നില്‍ക്കാന്‍ യുഡിഎഫും കോണ്‍ഗ്രസും തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെതിരെ ജാഗ്രതയോടെ മുന്നോട്ട് പോവണം. സംസ്ഥാനം നേടിയ പൊതു പുരോഗതി, ഐ ടി സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ നേട്ടം ഇവ ചൂണ്ടികാട്ടിയാണ് തരൂര്‍ കേരളത്തെ പ്രശംസിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാടിന് തകര്‍ച്ച സംഭവിച്ചത് യുഡിഎഫ് ഭരണകാലത്ത് ആണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും അന്ന് നടന്നിരുന്നില്ല. ഇന്ന് ദുരന്ത സമയങ്ങളില്‍ എല്ലാം സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ കൂടെ നിന്നു. ആളുകള്‍ ഒത്തൊരുമിച്ച് നിന്ന് പോരാടി. ഓരോ മേഖലയിലെയും പുരോഗതി നമ്മള്‍ കണ്ടുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
എത്ര പരിഹാസമായാണ് കോണ്‍ഗ്രസ് മാറിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നമ്മുടെ സംസ്ഥാനത്തെ എല്ലാവരും അംഗീകരിക്കുന്നുണ്ട്. കേരളത്തിനെതിരായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് കേരളത്തിന്റെ നേട്ടം അംഗീകരിക്കേണ്ടതായി വന്നു.
അതേസമയം കേരളത്തില്‍ ഒരു വിഭാഗം ഇതിനെ ആകെ തള്ളിപ്പറയുകയാണ്. അവര്‍ മറ്റൊരു ചിത്രം കൊണ്ടുവരാന്‍ നേതൃത്വം കൊടുക്കുകയാണ്, അതിനൊപ്പം വലതുപക്ഷ മാധ്യമങ്ങളും അണിനിരക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
ദേശീയ തലത്തില്‍ ഇന്‍ഡ്യാ മുന്നണിയിലെ ഭിന്നതയിലും മുഖ്യമന്ത്രി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി. ബിജെപിക്ക് എതിരായ ശക്തികളെ യോജിപ്പിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. അവരുടെ സങ്കുചിത മനോഭാവം ഡല്‍ഹിയില്‍ തിരിച്ചടിയായി. വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്.
അവരുടെ ഈ തെറ്റായ സമീപനം മൂലം രാജസ്ഥാനില്‍ അടക്കം തിരിച്ചടിയുണ്ടായി. ലോക്‌സഭ തിരഞ്ഞെടുപ്പിലും എല്ലായിടത്തും ഒന്നിച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായില്ല. തയ്യാറായിയുന്നുവെങ്കില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നായേനേ എന്ന് മുഖ്യമന്ത്രി പറഞ്ഞു.