തിരുവനന്തപുരം ▪️ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് അംഗീകാരം നല്‍കിയ കേന്ദ്ര മന്ത്രിസഭ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്ത്യയിലെ ഫെഡറല്‍ വ്യവസ്ഥയെ നിര്‍വീര്യമാക്കി കേന്ദ്രസര്‍ക്കാരിന് സര്‍വ്വാധികാരം നല്‍കാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിലപാടിന് പിന്നിലെന്ന് പിണറായി വിജയന്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് ശേഷവും പാഠം പഠിക്കാന്‍ ബിജെപി തയ്യാറല്ല എന്നുവേണം പറയാന്‍. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഗൂഢശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്.
ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വൈരുധ്യ സ്വഭാവത്തെ തച്ചുതകര്‍ക്കാനായാണ് ഈ മുദ്രാവാക്യം ആസൂത്രണം ചെയ്തത്. ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും ഇന്ത്യയെന്ന ആശയത്തിനെ തന്നെയും അട്ടിമറിക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടുവരേണ്ടതുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.