▶️പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

0 second read
0
241

കൊച്ചി▪️ കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ചു.

കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ഒരു ലക്ഷം രൂപ പിഴയും ചുമത്തി. എറണാകുളം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ വി കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവും വിധിച്ചു.

ഒന്നാം പ്രതിയും സിപിഐഎം പെരിയ ലോക്കല്‍ കമ്മറ്റി മുന്‍ അംഗവുമായ എ. പീതാംബരന്‍, രണ്ടാം പ്രതി സജി സി. ജോര്‍ജ്, മൂന്നാം പ്രതി കെ.എം സുരേഷ്, നാലാം പ്രതി കെ. അനില്‍ കുമാര്‍, അഞ്ചാം പ്രതി ഗിജിന്‍, ആറാം പ്രതി ആര്‍. ശ്രീരാഗ് (കുട്ടു), ഏഴാം പ്രതി എ. അശ്വിന്‍ (അപ്പു), എട്ടാം പ്രതി സുബീഷ് (മണി), പത്താം പ്രതി രഞ്ജിത് .ടി, പതിനഞ്ചാം പ്രതി വിഷ്ണു സുര (എ. സുരേന്ദ്രന്‍) എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

മുന്‍ എംഎല്‍എയും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്‍, സിപിഐഎം ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍, സിപിഐഎം പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവര്‍ക്ക് അഞ്ച് വര്‍ഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് കോടതിയില്‍ പ്രതിഭാഗം വാദിച്ചു. കുറ്റകൃത്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. പ്രതികള്‍ സ്ഥിരം കുറ്റവാളികള്‍ അല്ല. മാനസാന്തരത്തിന് സാധ്യതയുണ്ട്. പല സാക്ഷി മൊഴികളിലും വൈരുധ്യമുണ്ട് എന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍, സിപിഐഎം ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍ അടക്കം 14 പേര്‍ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു.

ഒന്നാം പ്രതിയായ സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍ ഉള്‍പ്പടെ എട്ട് പ്രതികള്‍ക്കെതിരെ കൊലക്കുറ്റമാണ് തെളിഞ്ഞത്. ടി. രഞ്ജിത്ത്, എ. സുരേന്ദ്രന്‍ എന്നിവര്‍ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കണ്ടെത്തി.

രണ്ടാം പ്രതിയെ പൊലീസ്‌കസ്റ്റഡിയില്‍ നിന്ന് കടത്തിക്കൊണ്ട് പോയെന്ന കുറ്റമാണ് മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ ചുമത്തിയത്. പരമാവധി രണ്ട് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് വിധി പ്രഖ്യാപിച്ചത്. 24 പ്രതികളില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

2019 ഫെബ്രുവരി 17 നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം കാസര്‍കോട് പെരിയില്‍ നടന്നത്.

രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്ത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ശരതിന് 23ഉം കൃപേഷിന് 19ഉം ആയിരുന്നു പ്രായം.

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…